കുടുംബത്തോടൊപ്പം നീന്തുന്നതിനിടെ കോളേജ് വിദ്യാര്‍ഥിനി കുളത്തില്‍ മുങ്ങിമരിച്ചു

ഈങ്ങാപ്പുഴ: കുടുംബത്തോടൊപ്പം നീന്തുന്നതിനിടെ കോളേജ് വിദ്യാര്‍ഥിനി കുളത്തില്‍ മുങ്ങിമരിച്ചു. ഈങ്ങാപ്പുഴ പയോണ പാലാഴി കാലിത്തീറ്റ ഫാക്ടറി ഉടമ കണ്ടത്തും തൊടിയില്‍ ഫിലിപ്പിന്റെ മകള്‍ മരിയ (19) ആണ് മരിച്ചത്.

വീടിനോട് ചേര്‍ന്ന് ഫാമിനായി നിര്‍മ്മിച്ച 50 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയും 20 അടി താഴ്ചയുമുള്ള കുളത്തിലാണ് സംഭവം. കുളത്തില്‍ നീന്തുന്നതിനിടെയാണ് മുങ്ങിപ്പോയത്. കൈതപ്പൊയില്‍ ലിസ കോളേജ് വിദ്യാര്‍ത്ഥിനിയാണ് മരിയ.

പതിവു പോലെ കുടുംബവുമൊത്ത് കുളിക്കുന്നകുളത്തിന്റെ നടുക്ക് വെച്ച് മരിയയെ കാണാതാവുകയായിരുന്നു. ഇന്ന് വൈകുന്നേരം 6:30 നും 7 മണിക്കും ഇടയിലാണ് സംഭവം. കുടുംബത്തിലെ അഞ്ചു പേരടങ്ങുന്ന സംഘമാണ് നീന്തലിനുണ്ടായിരുന്നത്.
ഫയര്‍ ഫോഴ്‌സും സന്നദ്ധ സംഘടന പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് 9 മണിയോടെ മൃതദേഹം കണ്ടെത്തിയത്. മാതാവ്: എലിസബത്ത്. സഹോദരങ്ങള്‍: സിറിയക്, ജോസഫ്.

Exit mobile version