പൊന്നാനിയില്‍ കര്‍ശന നിയന്ത്രണം: പുറത്തിറങ്ങുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് നിര്‍ബന്ധം, ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍

മലപ്പുറം: സമ്പര്‍ക്കത്തിലൂടെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പൊന്നാനിയില്‍ നിയന്ത്രണം കര്‍ശനമാക്കി ജില്ലാ ഭരണകൂടം. നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും. മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം എന്നീ അടിയന്തര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകള്‍ക്ക് നിരോധനമുണ്ട്. വിവാഹം, മരണാന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകള്‍ക്കെ ഒത്തുകൂടാന്‍ അനുമതിയുള്ളൂ.

ജില്ലയില്‍ ഇന്ന് 55 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 23 പേരില്‍ 21 പേര്‍ക്കും പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത്.

കൊവിഡ് വ്യാപനമുണ്ടാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. നഗരസഭാ പരിധിയില്‍ ഞായാറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കും. നഗരസഭാ പരിധിയില്‍ റേഷന്‍ കടകള്‍ക്ക് പുറമെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാവൂ. രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് 12 വരെ മാത്രമേ ഈ കടകളും പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. കടയില്‍ ഒരേസമയം സാമൂഹിക അകലം പാലിച്ച് അഞ്ച് ഉപഭോക്താക്കളില്‍ കൂടുതല്‍ പാടില്ല.

മത്സ്യ-മാംസാദികളുടെ വില്‍പന, വിതരണം എന്നിവ നിരോധിച്ചു. അവശ്യവസ്തുക്കള്‍ വാങ്ങുന്നതുള്‍പ്പടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും റേഷന്‍ കാര്‍ഡും അതില്ലാത്തവര്‍ നഗരസഭ ഓഫീസില്‍ നിന്നുള്ള അനുമതി പത്രവും കൈവശം വയ്ക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

പാല്‍, പത്രം, മീഡിയ, മെഡിക്കല്‍ ലാബ് എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ഹൈവേയിലൂടെ കടന്നുപോവുന്ന ദീര്‍ഘദൂര യാത്രാവാഹനങ്ങള്‍ 30 മിനിറ്റില്‍ കൂടുതല്‍ സമയം ഈ പ്രദേശപരിധിയിലുണ്ടാവാന്‍ പാടുള്ളതല്ല. അവശ്യവസ്തുക്കള്‍ കൊണ്ടുപോവുന്നതിനുള്ള വാഹനങ്ങളുടെ (ചരക്കു വാഹനങ്ങള്‍) ഗതാഗതം അനുവദിക്കും.

Exit mobile version