കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജ് കൊവിഡ് ആശുപത്രി ആയി നിലനിര്‍ത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി കൊവിഡ് ലക്ഷണം ഉള്ളവര്‍ക്കുള്ള ഒപി എറണാകുളം പിവിഎസ് ആശുപത്രിയില്‍ ആരംഭിക്കാന്‍ തീരുമാനമായി.
നിലവില്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയിരുന്ന വിദഗ്ധ ചികിത്സകള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആണ് ക്രമീകരിച്ചിട്ടുള്ളത്. കഴിഞ്ഞദിവസം ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗവും ജനറല്‍ മെഡിസിന്‍ വിഭാഗവും കോവിഡ് സമ്പര്‍ക്കം മൂലം അടച്ചിരുന്നു. ആശുപത്രിയിലെ സ്ഥല പരിമിതിയും രോഗികളുടെ എണ്ണത്തിലെ വര്‍ധനവും കണക്കാക്കിയാണ് പുതിയ തീരുമാനം.
ഗുരുതരമായ കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കായിരിക്കും പിവിഎസ് ആശുപത്രിയിലെ ഒപി സംവിധാനം ലഭ്യമാക്കുക. നിസാരമായ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ടെലി മെഡിസിന്‍ വഴി ചികിത്സ നിര്‍ദേശങ്ങള്‍ നല്‍കും. രോഗം സ്ഥിരീകരിക്കുന്നവരെ ചികിത്സക്കായി കളമശേരിയിലേക്കും നെഗറ്റീവ് ആകുന്ന വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ളവരെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കും അയക്കും.
ഇതിന് പുറമെ ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളായ ആലുവ ജില്ലാ ആശുപത്രി, കരുവേലിപ്പടി മഹാരാജാന്‍ ജനറല്‍ ആശുപത്രി, മുവാറ്റുപുഴ ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിരീക്ഷണത്തില്‍ ഉള്ള രോഗികളെ താമസിപ്പിക്കാനുള്ള സംവിധാനം വര്‍ധിപ്പിക്കാനും തീരുമാനമായി.
Discussion about this post