കൊച്ചി: എറണാകുളത്ത് സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ ആശങ്കപ്പെടേണ്ട സാഹചര്യത്തില്‍ എത്തിയിട്ടില്ല. രണ്ടാഴ്ചയ്ക്കുള്ളില്‍ ഉറവിടം കണ്ടെത്താന്‍ കഴിയാതെ വന്നാലേ ആശങ്കയ്ക്ക് വകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
ഇന്നലത്തെ ഏഴ് കേസുകളുടെ ഉറവിടം വ്യക്തമായിരുന്നില്ല. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് ജില്ല ഭരണകൂടം. ഇതുവരെ ഒന്‍പത് ഉറവിടം അറിയാത്ത കേസുകളാണ് ജില്ലയിലുള്ളത്. അതേസമയം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പനി ഉള്‍പ്പെടെയുള്ള രോഗവുമായി വരുന്നവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ തീരുമാനമായി. ടെസ്റ്റ് നെഗറ്റീവ് ആയാല്‍ തിരികെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റാനാണ് തീരുമാനം.
കൂടാതെ പിവിഎസ് ആശുപത്രിയില്‍ രണ്ടു ദിവസത്തിനകം ഒപി തുടങ്ങും. കൊവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഫോര്‍ട്ട് കൊച്ചി, കാളമുക്ക് , പേഴക്കാപ്പള്ളി മാര്‍ക്കറ്റുകള്‍ അടക്കും. ആലുവ 8, 21 വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണ്‍ ആക്കി.