തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടെ കേന്ദ്ര/കേരള സർക്കാരുകളുടെ ആനുകൂല്യങ്ങൾക്കായി അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ സ്വീകരിക്കുന്നുവെന്ന വാർത്തയും ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് 10,000 രൂപ കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നുവെന്നുമുള്ള വാർത്തയും വ്യാജമാണെന്ന് കേരള സംസ്ഥാന ഐടി മിഷൻ. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇത്തരത്തിൽ നിരവധി വ്യാജ പ്രചരണങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും സർക്കാർ/ഐടി മിഷൻ /അക്ഷയ എന്നിവയുടെ ലോഗോ ഉപയോഗിച്ചാണ് ഇത്തരത്തിൽ വ്യാജ പ്രചരണം നടക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കൊവിഡ് 19 സപ്പോർട്ടിങ് പ്രോഗ്രാം എന്ന പേരിൽ കേന്ദ്രസർക്കാർ ധനസഹായം നൽകുന്നുവെന്നാണ് പ്രചാരണം. എന്നാൽ ഇത് തെറ്റാണെന്ന് അക്ഷയ പ്രൊജക്ട് ഫേസ്ബുക്ക് പേജ് വ്യക്തമാക്കുന്നു. പൊതുജനങ്ങൾ ഇത്തരത്തിലുള്ള വ്യാജപ്രചരണങ്ങളിൽ പെട്ട് വഞ്ചിതരാകരുതെന്നും സർക്കാർ അക്ഷയ കേന്ദ്രങ്ങൾ വഴി നൽകുന്ന ആനുകൂല്യങ്ങളുടെ വിവരങ്ങൾ അക്ഷയ സംസ്ഥാന / ജില്ലാ ഓഫീസ് വഴി പ്രസിദ്ധപ്പെടുത്തുന്നതാണെന്നും ഐടി മിഷൻ പറഞ്ഞു.
Discussion about this post