കൊച്ചി: സ്വപ്ന സുരേഷിനെ താനാണ് നിയമിച്ചതെന്ന ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്റെ ആരോപണത്തോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള ഗോപാലകൃഷ്ണന്റെ പരാമർശം തെറ്റിദ്ധാരണാജനകമെന്ന് വേണുഗോപാൽ പറഞ്ഞു.
കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബി ഗോപാലകൃഷ്ണന്റെ ശ്രമമെന്നും സ്വപ്നയുടെ നിയമനത്തിൽ തനിക്ക് പങ്കുണ്ടെന്ന് തെളിയിക്കാൻ ഗോപാലകൃഷ്ണനെ വെല്ലുവിളിക്കുകയാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.
നേരത്തെ, സ്വർണ്ണക്കടത്ത് കേസിൽ കോൺഗ്രസിനും ബന്ധമുണ്ടെന്നായിരുന്നു ബി. ഗോപാലകൃഷ്ണൻ പറഞ്ഞത്. സ്വപ്നയുടെ കേരളത്തിലെ ആദ്യ സ്പോൺസർ കെസി വേണുഗോപാൽ ആയിരുന്നെന്നും ഇപ്പോൾ സംരക്ഷിക്കുന്നതും അദ്ദേഹമാണെന്നും ബി ഗോപാലകൃഷ്ണൻ ആരോപിച്ചിരുന്നു.
എയർഇന്ത്യ സാറ്റ്സിൽ സ്വപ്നയ്ക്ക് ജോലി കിട്ടുന്നത് വേണുഗോപാൽ മന്ത്രിയായിരിക്കുമ്പോഴാണെന്നും സ്വപ്നയെ ഇപ്പോൾ ഒളിപ്പിച്ചിരിക്കുന്നത് വേണുഗോപാൽ ആണോയെന്ന് സംശയം ഉണ്ടെന്നുമായിരുന്നു ബി ഗോപാലകൃഷ്ണന്റെ ആരോപണങ്ങൾ. കോൺസുലേറ്റിൽ സ്വപ്നയെ ശുപാർശ ചെയ്ത കോൺഗ്രസ് നേതാവ് ആരാണെന്നും ഗോപാലകൃഷ്ണൻ ചോദിച്ചിരുന്നു.