തൃശ്ശൂര്‍: കോഴിക്കറി മതിയാവാത്തതിനെ തുടര്‍ന്ന് വീട്ടുകാരോട് ദേഷ്യപ്പെട്ട് പുഴയില്‍ ചാടിയ യുവാവ് പാതിരാത്രി വീട്ടില്‍ തിരിച്ചെത്തി. തൃശ്ശൂര്‍ ജില്ലയിലെ തിരുവില്യാമലയിലാണ് സംഭവം. കാണാതായ കമ്പനിപ്പടി വിജിത് (അമല്‍ജിത്ത് 22) ആണ് രാത്രിയോടെ വീട്ടില്‍ തിരിച്ചെത്തിയത്.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീട്ടില്‍ ഉച്ചയ്ക്ക് ഊണിന് കോഴിക്കറിയായിരുന്നു. എന്നാല്‍ കറി വിളമ്പിയതു മതിയാവാതെ വന്നതോടെ വിജിത് വീട്ടുകാരോട് ദേഷ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വഴക്കിട്ട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. നേരെ പോയത് പാമ്പാടി കൂട്ടാല കമ്പനിപ്പടി കടവിലേക്കായിരുന്നു.
ഉച്ചയ്ക്ക് രണ്ടുമണിയോടെ സുഹൃത്തിനൊപ്പം ഭാരതപ്പുഴയുടെ കരയിലെത്തിയ വിജിത് പുഴയില്‍ ചാടുകയായിരുന്നു. ഏറെ നേരമായിട്ടും വിജിത് തിരിച്ചു കയറാതായതോടെ സുഹൃത്ത് പരിഭ്രാന്തിയിലായി. തുടര്‍ന്ന് വിജിത് പുഴയില്‍ ചാടിയ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു.
നാട്ടുകാര്‍ വിവരം പോലീസിനെയും അഗ്നിരക്ഷാസേനയെയും അറിയിച്ചു. പോലീസും അഗ്‌നി രക്ഷാസേനയും രാത്രിയോളം തിരച്ചില്‍ നടത്തിയെങ്കിലും വിജിതിനെ കണ്ടെത്താനായില്ല. സംഭവത്തെപ്പറ്റി വിജിത് പോലീസിനോട് പറഞ്ഞത് ഇങ്ങനെ:
കുറേ ദൂരം നീന്തിയപ്പോള്‍ തളര്‍ന്ന് ഒഴുക്കില്‍പ്പെട്ടു. മുങ്ങാതിരിക്കാന്‍ ഒഴുക്കിനൊത്തു നീന്തി. ഒന്നര കിലോമീറ്ററിനപ്പുറത്ത് കയറംപാറയ്ക്കു സമീപം ഒരു പാറയില്‍ പിടിച്ചു കയറി. മണിക്കൂറുകളോളം അബോധാവസ്ഥയില്‍ കിടക്കുകയും പാതി രാത്രിയോടെ പുഴക്കരയിലൂടെ തിരിച്ചു വീട്ടിലേക്കു നടക്കുകയും ചെയ്തു.
Discussion about this post