കൊച്ചി: അന്തരിച്ച യുവസംവിധായകന്‍ ജിബിറ്റ് ജോര്‍ജിന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ നെഞ്ചുനീറുന്ന കുറിപ്പുമായി സഹോദരി ജിബിന ജോര്‍ജ്. ജിബിന ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
”ജിവിതത്തില്‍ വഹിച്ച സ്ഥാനങ്ങളോ, ബഹുമതികളോ, പദവികളോ ഒന്നുമില്ലാതെ തന്റെ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കി സ്വന്തം ജീവിതത്തിന് വിലയിട്ട് ദൈവത്തിന്റെ മുമ്പില്‍ ഒരു സ്ഥാനം വച്ചിട്ടാണ് അവന്‍ യാത്രയായത്. ഇതൊക്കെ മനസ്സിലാക്കാതെ പ്രവര്‍ത്തിക്കുന്ന കുറെ ആളുകളെ എനിക്ക് കണ്ടെത്താന്‍ സാധിച്ചു.
നൊന്തു പ്രസവിച്ച അമ്മ മുപ്പതാം വയസ്സില്‍ മകനെ നഷ്ടപ്പെടുമ്പോള്‍, എനിക്കിനി കൂടെപ്പിറപ്പായി ആരെയും ചൂണ്ടിക്കാണിക്കാനില്ലാതെ വരുമ്പോഴുണ്ടാകുന്ന ഓരോ വേദനയ്ക്കും നടുവില്‍, ഞങ്ങളുടെ തന്നെ ബന്ധുമിത്രാഥികളുടെ മനസ്സിലും കുറച്ച് നാട്ടുകാരും പറഞ്ഞു നടന്നത് ജിബിറ്റ് എന്തിനിതു ചെയ്തു എന്നാണ്? അമ്മയും അനിയത്തിയും നാട്ടുകാരെ കാണിക്കാന്‍ നെഞ്ചത്തടിച്ചു കരഞ്ഞതാണത്രേ” ജിബിന ഫേസ്ബുക്കില്‍ കുറിച്ചു.
ഹോസ്പിറ്റലിന്റെ മോര്‍ച്ചറിയില്‍ തണുത്ത് വിറങ്ങലിച്ച് കിടക്കുമ്പോഴും ചേട്ടന്റെ റൂമില്‍ വിഷ കുപ്പി തപ്പുകയായിരുന്നു പലരും. അവരോടെക്കെ ഒന്നേ പറയാനുള്ളു എനിക്ക് നിങ്ങളും മരിക്കും ഒരു ദിവസം ആരാലും അറിയപ്പെടാതെ. എന്റെ ചേട്ടന്റെ സ്ഥാനത്ത് നില്‍ക്കാന്‍ പോലും ദൈവത്തിന്റെ മുമ്പില്‍ യോഗ്യത കണ്ടെത്താന്‍ കഴിയില്ലെന്നും ജിബിന പറയുന്നു.
മെയ് ഒന്‍പതിനാണ് ഹൃദയാഘാതം മൂലം അങ്കമാലി കിടങ്ങൂര്‍ കളത്തിപറമ്പില്‍ ജോര്‍ജിന്റെ മകന്‍ ജിബിറ്റ് ജോര്‍ജ് മരണപ്പെടുന്നത്. മുപ്പത്തിയൊന്ന് വയസ്സായിരുന്നു. കോഴിപ്പോര് എന്ന സിനിമയുെട സംവിധായകനാണ് ജിബിറ്റ്.
കുറിപ്പിന്റെ പൂര്‍ണരൂപം
ഗ്യാസ് എന്ന് കരുതി പരിശോധിച്ചപ്പോള്‍ ഹൃദയത്തില്‍ ബ്ലോക്ക്, കാത്തു നില്കാതെ അവന്‍ യാത്രയായി.
‘ ഞാന്‍ മരിച്ചാലും മൂന്ന് ദിവസം കഴിഞ്ഞു വരൂടി നീ പേടിക്കേണ്ട’ ആരെങ്കിലുമൊക്കെ മരിക്കുമ്പോള്‍ ആ വാര്‍ത്ത കേട്ട് ചേട്ടനും വീട്ടില്‍ പറയുമായിരുന്നു. എന്നാല്‍ ഇന്നേക്ക് 62 ദിവസ്സം തികയുകയാണ്. കാത്തിരിപ്പ് നീളുകയാണ്……….. ഇന്ന് ഞങ്ങള്‍ക്കു മുമ്പില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പും കിട്ടി.
മരണകാരണം അറ്റാക്ക്. കുറച്ച് കാര്യങ്ങള്‍ കൂടി നിങ്ങളോടൊന്ന് പറയാന്നൊണ്ട്. ആരും വായിക്കാതെ പോകരുത്.കാരണം ഒരു നിമിഷമെങ്കിലും നിങ്ങളുടെ കുടുംബങ്ങളിലും ഇത് സംഭവിക്കാം.(അങ്ങനെയൊന്നും വരരുതേയെന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.)
ഏറ്റവും സമ്പന്നമായ സ്ഥലത്താണ് ഇന്ന് ജിബിറ്റ് കിടന്നുറങ്ങുന്നത്. ഒരു സ്വപ്നത്തിന്റെ പുറകേ നടന്നത് ആ ലക്ഷ്യം യാഥാര്‍ത്യമാക്കിയാണ് അവന്റെ ജീവിതത്തില്‍ നിന്ന് പടിയിറങ്ങിയത്.
ജിവിതത്തില്‍ വഹിച്ച സ്ഥാനങ്ങളോ, ബഹുമതികളോ, പദവികളോ ഒന്നുമില്ലാതെ തന്റെ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കി സ്വന്തം ജീവിതത്തിന് വിലയിട്ട് ദൈവത്തിന്റെ മുമ്പില്‍ ഒരു സ്ഥാനം വച്ചിട്ടാണ് അവന്‍ യാത്രയായത്. ഇതൊക്കെ മനസ്സിലാക്കാതെ പ്രവര്‍ത്തിക്കുന്ന കുറെ ആളുകളെ എനിക്ക് കണ്ടെത്താന്‍ സാധിച്ചു. നൊന്തു പ്രസവിച്ച അമ്മ മുപ്പതാം വയസ്സില്‍ മകനെ നഷ്ടപ്പെടുമ്പോള്‍, എനിക്കിനി കൂടെപ്പിറപ്പായി ആരെയും ചൂണ്ടിക്കാണിക്കാനില്ലാതെ വരുമ്പോഴുണ്ടാകുന്ന ഓരോ വേദനയ്ക്കും നടുവില്‍, ഞങ്ങളുടെ തന്നെ ബന്ധുമിത്രാഥികളുടെ മനസ്സിലും കുറച്ച് നാട്ടുകാരും പറഞ്ഞു നടന്നത് ജിബിറ്റ് എന്തിനിതു ചെയ്തു എന്നാണ്?
അമ്മയും അനിയത്തിയും നാട്ടുകാരെ കാണിക്കാന്‍ നെഞ്ചത്തടിച്ചു കരഞ്ഞതാണത്രേ..
ഹോസ്പിറ്റലിന്റെ മോര്‍ച്ചറിയില്‍ തണുത്ത് വിറങ്ങലിച്ച് കിടക്കുമ്പോഴും ചേട്ടന്റെ റൂമില്‍ വിഷ കുപ്പി തപ്പുകയായിരുന്നു പലരും.
അവരോടെക്കെ ഒന്നേ പറയാനുള്ളു എനിക്ക് നിങ്ങളും മരിക്കും ഒരു ദിവസം ആരാലും അറിയപ്പെടാതെ. എന്റെ ചേട്ടന്റെ സ്ഥാനത്ത് നില്‍ക്കാന്‍ പോലും ദൈവത്തിന്റെ മുമ്പില്‍ യോഗ്യത കണ്ടെത്താന്‍ കഴിയില്ല.
(ഇതൊക്കൊ പറഞ്ഞു നടക്കുന്ന ആളുകളെ വ്യക്തിഹത്യ ചെയ്യുന്നതല്ല. വേദന ഒഴിയാതെ ജീവിക്കുന്ന മനസ്സില്‍ കുറച്ചെങ്കിലും വേദനയ്ക്ക് കുറവ് തോന്നട്ടെയെന്ന് വിചാരിച്ചാണ്.)