ആലപ്പുഴ: കഴിഞ്ഞ ദിവസം ചെന്നിത്തലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവദമ്പതികളില്‍ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാവേലിക്കര വെട്ടിയാര്‍ തുളസി ഭവനില്‍ ദേവിക ദാസിനാണ് (20) രോഗം കണ്ടെത്തിയത്. ദേവികയുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. അതേസമയം
ഭര്‍ത്താവ് പന്തളം കുരമ്പാല ഉനംകോട്ടുവിളയില്‍ ജിതിനു (30) രോഗമില്ല.
ചൊവ്വാഴ്ചയാണ് ദമ്പതികളെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിതിന്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. ദേവിക കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലും. ഇവര്‍ നാലു മാസമായി ചെന്നിത്തല മഹാത്മ സ്‌കൂളിനു സമീപത്തെ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയായിരുന്നു ജിതിന്‍.
പ്രായപൂര്‍ത്തിയാകും മുന്നേ ദേവിക ദാസ് ജിതിനോടൊപ്പം പോയതിന് ജിതിനെതിരെ പോലീസ് പോക്‌സോ കേസ് എടുത്തിട്ടുണ്ട്. പിന്നീട് ദേവിക ആലപ്പുഴ മഹിളാ മന്ദിരത്തില്‍ താമസിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായ ശേഷം വീണ്ടും ദേവിക ജിതിനോടൊപ്പം പോകുകയായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 18ന് ചെന്നിത്തലയില്‍ വാടകയ്ക്ക് താമസം തുടങ്ങുകയും ചെയ്തു. ജിതിന്‍ ജോലിക്ക് എത്താത്തതിനാല്‍ അന്വേഷിച്ചെത്തിയ പെയിന്റിങ് കരാറുകാരനാണു മൃതദേഹങ്ങള്‍ കണ്ടത്.
സംഭവ സ്ഥലത്ത് നിന്ന് രണ്ട് ആത്മഹത്യാക്കുറിപ്പുകള്‍ ലഭിച്ചിരുന്നു. ജീവിത നൈരാശ്യത്തെപ്പറ്റിയും സാമ്പത്തിക പ്രശ്‌നങ്ങളെപ്പറ്റിയുമാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. അതേസമയം ദേവികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അന്വേഷണവുമായി ബന്ധപ്പെട്ട പത്തോളം പോലീസ് ഉദ്യോഗസ്ഥരോടു ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു. ചെങ്ങന്നൂര്‍ ആര്‍ഡിഒയും സംഭവ സ്ഥലത്ത് എത്തിയിരുന്നു.
Discussion about this post