തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണ്ണം കടത്തിയ കേസിൽ അപ്രസക്തമായ കാര്യങ്ങൾ ചർച്ച ചെയ്യുന്ന മാധ്യമ സംസ്‌കാരത്തിനെതിരെ വിമർശന കുറിപ്പ് വൈറലാകുന്നു. കേസിൽ പ്രതിയായ സ്വപ്‌ന സുരേഷിന്റെ കുറ്റകൃത്യത്തേയും കൂട്ടുപ്രതികളേയും കേസിന്റെ ഗൗരവത്തേയും ചർച്ച ചെയ്യുന്നതിന് പകരം സ്വപ്‌ന സുരേഷിന്റെ വ്യക്തി സ്വഭാവത്തേയും നിറംപിടിപ്പിച്ച കഥകളിലേക്കും മാത്രം ചർച്ച വഴി മാറുന്നതും മുഖ്യമന്ത്രിയേയും സർക്കാരിനേയും കേസുമായി ബന്ധിപ്പിക്കുന്നതും ചരിത്രം ആവർത്തിക്കുന്നതാണെന്ന് എസ് സുദീപ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. ഐതിഹ്യത്തിലെ പരശുരമാന്റേയും ഭീഷ്മരുടേയും കഥയും കേരള ചരിത്രത്തിലെ ഐഎസ്ആർഒ കേസും മറിയം റഷീദയുടെ അവസ്ഥയും എല്ലാം വിശദമായി സൂചിപ്പിച്ചാണ് സുദീപിന്റെ കുറിപ്പ്.
ഒരു സമൂഹത്തിന് അവർ അർഹിക്കുന്ന മാധ്യമപ്രവർത്തകരെ മാത്രമെ ലഭിക്കൂ എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഐടി വകുപ്പ് സെക്രട്ടറിയുടെ സ്ഥാന ചലനം പോലും റിപ്പോർട്ട് ചെയ്യാതെ സ്വപ്‌നയുടെ മദ്യപാനശീലത്തിലേക്കും സുഹൃദ്ബന്ധങ്ങളിലേക്കും ഒക്കെയാണ് റിപ്പോർട്ടർമാരുടെ കണ്ണെന്നും കുറിപ്പിൽ പറയുന്നു.
എസ് സുദീപിന്റെ ഫേസ്ബുക്ക് കുറിപ്പ്:
പരശുരാമൻ മുതൽ മറിയം റഷീദ വരെ, തീരാത്ത വിഷാദയോഗങ്ങൾ, അംബ, സാല്വരാജാവിൽ അനുരക്തയാണെന്നറിയാതെയാണ് കാശിരാജന്റെ സ്വയംവരവേദിയിൽ നിന്ന് അംബ, അംബിക, അംബാലികമാരെ, സാല്വനടക്കം എല്ലാ സ്വയംവരാർത്ഥികളെയും തോല്പിച്ച് ഭീഷ്മർ ഹസ്തിനപുരത്തേയ്ക്കു കൊണ്ടുവരുന്നത്. അംബയിൽ നിന്നു സാല്വപ്രണയം അറിയുന്ന ഭീഷ്മർ അവളെ സാല്വസന്നിധിയിലേയ്ക്ക് അയച്ചു. പക്ഷേ തനിക്കു ഭീഷ്മരെ ഭയമാണെന്നും അംബ ഭീഷ്മരുടെ സ്വന്തമായിക്കഴിഞ്ഞെന്നും പറഞ്ഞ് അവളെ സാല്വൻ കൈയൊഴിഞ്ഞു. തന്റെ അവസ്ഥ അംബയിൽ ഭീഷ്മരോടുള്ള പ്രതികാരദാഹം വളർത്തി. തപസു ചെയ്തു ശക്തി നേടാനായി അവളൊരു ആശ്രമത്തിലെത്തി. ഇത്ര സുന്ദരിയാമൊരുവൾ അവിടെ തപസു ചെയ്തു കൂടുന്നത് നല്ലതിനല്ലെന്ന പക്ഷക്കാരായിരുന്നു താപസന്മാർ. പരശുരാമ ശിഷ്യനായ അകൃത്രവണൻ അംബയോടു ചോദിച്ചു: സാല്വനെക്കൊണ്ടു നിന്നെ സ്വീകരിപ്പിക്കണോ അതോ ഭീഷ്മരെ തോല്പിച്ചു കാണണോ?
രണ്ടായാലും തന്റെ ഗുരുവായ പരശുരാമൻ ചെയ്യുമെന്നുറപ്പു നൽകുന്ന അകൃത്രവണനോട് അംബ പറഞ്ഞു: എന്റെ അനുരാഗ കഥ അറിയാതെയാണു ഭീഷ്മർ എന്നെ പിടിച്ചു കൊണ്ടുവന്നത്. ഈ സ്ഥിതിക്കു ന്യായമായ പ്രതിവിധി ചെയ്തു കിട്ടണമെന്നേ എനിക്കുള്ളു. അകൃത്രവണൻ: കൊള്ളാം, നീ ധർമ്മമാണു പറഞ്ഞത്. എന്നാൽ ഇതിൽ സാല്വനല്ല ഭീഷ്മരാണ് അപരാധി. ഭീഷ്മർ ആണത്തത്തിൽ ഊറ്റം കൊള്ളുന്നവനും ജയിച്ചു ഞെളിയുന്നവനുമാണ് അതുകൊണ്ട് ഭീഷ്മരോടാണു നീ പകരം വീട്ടേണ്ടത്.
(കുട്ടിക്കൃഷ്ണമാരാര് : അകൃത്രവണന്റെ ഭീഷ്മദ്വേഷത്തിനു കാരണമെന്തോ? ഒരു വേള സതീർത്ഥ്യന്റെ മേന്മയിലുള്ള അസൂയ ആയിരിക്കുമോ! അഥവാ ബ്രഹ്മക്ഷാത്രങ്ങൾ തമ്മിൽ അന്നുണ്ടായിരുന്ന കിടമത്സരമോ?ഏതായാലും ഇതുകേട്ടപ്പോൾ കൊണ്ട് ഭീഷ്മരുടെ കഥ കഴിഞ്ഞാൽ സാല്വൻ ഏതു നിലയ്ക്കും തന്നെ സ്വീകരിക്കുമെന്ന് അംബ ആശ്വസിച്ചിരിക്കാം.)
പിറ്റേന്നു പരശുരാമനെത്തി.
തസ്യാശ്ച ദൃഷ്ട്വാ രൂപം ച വയശ്ചാഭിനവം പുനഃ
സൗകുമാര്യം പരം ചൈവ രാമശ്ചിന്താപരോഭവൽ
കിമിയം വക്ഷ്യതീത്യേവം വിമൃശൻ ഭൃഗുസത്തമ:
…………
അതായത്, അബയുടെ രൂപവും പുതുപ്രായവും മുന്തിയ സൗകുമാര്യവും കണ്ട് രാമൻ പരവശനായി. ഇവൾ എന്താണു പറയാൻ പോകുന്നതെന്ന് ആലോചിച്ചിരുന്നു. നടന്നതൊക്കെ കേട്ടപ്പോൾ ഭീഷ്മരെയോ സാല്വനെയോ ആരെവേണമെങ്കിലും വഴിപ്പെടുത്തിത്തരാം. പറഞ്ഞതുകേട്ടില്ലെങ്കിൽ താൻ യുദ്ധത്തിൽ ഭീഷ്മരെ ദഹിപ്പിക്കുകയും ചെയ്യാമെന്നു പറഞ്ഞു. ഭീഷ്മരെ തോല്പിക്കണമെന്ന ആവശ്യം അംബ മുന്നോട്ടുവച്ചു. വല്ല ബ്രാഹ്മണനും വേണ്ടി വന്നാലല്ലാതെ താനിനി ആയുധമെടുക്കില്ലെന്ന പഴയ പ്രതിജ്ഞയൊക്കെ മാറ്റിവച്ച് പരശുരാമൻ ഭീഷ്മരോടു യുദ്ധം ചെയ്യാനായി പുറപ്പെടുകയാണ്. യുദ്ധത്തിൽ പരശുരാമൻ തോൽക്കുകയും ചെയ്യുന്നു. അന്നു നടപ്പുള്ള രാജധർമ്മ പ്രകാരമാണ് ഭീഷ്മർ അംബയെ കൊണ്ടുവന്നതെന്നും അതിൽ തെറ്റെന്തെങ്കിലും കണ്ടുകിട്ടിയിരുന്നെങ്കിൽ, പരശുരാമൻ യുദ്ധത്തിനൊന്നും മിനക്കെടാതെ ഭീഷ്മരെ ശപിച്ചു നശിപ്പിക്കുമായിരുന്നെന്നും മാരാര് പറയുന്നുണ്ട്.
പിന്നെന്തിനാണു തന്റെ പൂർവ്വപ്രതിജ്ഞയെ അവഗണിച്ചു വേണ്ടാത്ത വാശി പിടിച്ചു പരശുരാമൻ മാനഹാനി കൈവരിച്ചതെന്നും പരശുരാമനുപിണഞ്ഞ മാനസിക രോഗം എന്തായിരുന്നെന്നും അന്വേഷിക്കുകയാണ് മാരാര്. തസ്യാശ്ച ദൃഷ്ട്വാ രൂപം എന്ന ശ്ലോകം ഒരിക്കൽ കൂടി ഉദ്ധരിച്ച്, പരശുരാമനെ വഴിതെറ്റിച്ചത് സ്ത്രീയുടെ രൂപസൗകുമാര്യം തന്നെയായിരുന്നു എന്നു മാരാര് നമ്മെ നിസംശയം ബോധ്യപ്പെടുത്തുന്നുണ്ട്. ആ സൗകുമാര്യം ഒരു പുരുഷനിലുണ്ടാക്കുന്ന വൈകൃത ചിന്തകൾ ഒരു ഋഷിയിൽ നേരെ ഉയിർ കൊള്ളില്ലെന്നിരിക്കെ, പഴുതടഞ്ഞു കിടന്ന ആ ചിത്തവൃത്തി വികാരവൈകൃതമായി രൂപപ്പെട്ട് യുദ്ധത്തിലേയ്ക്കു നയിക്കുകയായിരുന്നു എന്നദ്ദേഹം സമർത്ഥിക്കുന്നു. തന്റെ ക്ഷത്രിയാന്തകത്വത്തെപ്പറ്റി പരശുരാമൻ വീമ്പു പറയുമ്പോൾ, അന്ന് അങ്ങയുടെ യുദ്ധദർപ്പണത്തെയും കാമത്തെയും തീർത്തു തരാൻ ഒരു ഭീഷ്മനോ ഭീഷ്മനെപ്പോലുള്ള ഒരു ക്ഷത്രിയനോ ഉണ്ടാവാതെ പോയി എന്ന് ഭീഷ്മർ പറയുന്നതിൽ നിന്നു തന്നെ, പരശുരാമനിൽ അടക്കിവച്ച കാമവികാരത്തിന്റെ ഇതര രൂപ മാർഗങ്ങളിലുള്ള ബഹിർസ്ഫുരണം തന്നെയായിരുന്നു പരശുരാമന്റെ പ്രവൃത്തിയുടെ കാരണമെന്നു വ്യക്തതയോടെ മാരാര് വരച്ചിടുന്നുണ്ട്.
നമ്മുടെ പല മാദ്ധ്യമപ്രവർത്തകരും പരശുരാമന്റെ പിൻഗാമികളാണ്. പരശുരാമൻ തന്റെ വികാര വൈകൃതങ്ങളെ യുദ്ധത്തിലൂടെ തുറന്നു വിടുമ്പോൾ, മാദ്ധ്യമപ്രവർത്തകർ അവയെ പേനയിലൂടെയും ക്യാമറയിലൂടെയും പുറത്തേയ്ക്കു വിടുന്നു. അവരിൽ അടക്കി വച്ചിരിക്കുന്ന വികാര വൈകൃതങ്ങളാണ് ഐ എസ് ആർ ഒ ചാരക്കേസും മാലിക്കാരികളുടെ രതികഥകളുമൊക്കെയായി പുറത്തു വരുന്നത്. മൂന്നക്ഷരത്തിന്റെ കുറവല്ല, വേറെ മൂന്നക്ഷരക്കൂടുതലാണത്. ആ ധാരാളിത്തം പേനയിലൂടെ ഒഴുകിയൊലിക്കുന്നു. അവിഹിതം കേൾക്കാനാണു സമൂഹത്തിന് ഏറ്റവും താല്പര്യമെന്ന സംഗതിയും കൂടിയാകുമ്പോൾ പൂർണമാകുന്നു. ഓരോ സമൂഹത്തിനും അവരർഹിക്കുന്ന മാദ്ധ്യമപ്രവർത്തകരെക്കൂടി കിട്ടുന്നു. അതുകൊണ്ടാണ് വിവാദ നായിക പണ്ടു താമസിച്ച വീടിന്റെ അയൽവാസിയെ അഭിമുഖം നടത്തി, അവൾ വൈകിട്ടു മദ്യപിച്ചതു തൊട്ടു രാത്രി ഒരു മണി വരെ ഉറങ്ങാതിരുന്നതൊക്കെ നമുക്കു വിളമ്പിത്തരുന്നതും നമ്മൾ കേട്ടു രസിക്കുന്നതും. ശങ്കരൻ പുറത്താകുന്നതു റിപ്പോർട്ടു ചെയ്യാനോ? ഹേയ്, അതിലൊരു ത്രില്ലില്ല. നായിക പുറത്താകുന്നതും പാഡ് മാറ്റുന്നതുമൊക്കെ കുത്തിനിറയ്ക്കുമ്പോൾ കിട്ടുന്ന രസവും മാർക്കറ്റുമുണ്ടല്ലോ, അതാണു വേണ്ടത്.
അകൃത്രവണനു ഭീഷ്മരോടാണ് അകാരണമായ പക. അതിനു പ്രത്യേക കാരണമൊന്നും വേണ്ട. ഭീഷ്മരെപ്പോലൊരാളെ തകർക്കാൻ ഒരവസരം കിട്ടുമ്പോൾ എന്തൊരു ആത്മസംതൃപ്തി! മാരാര് പറഞ്ഞതുപോലെ അസൂയയാവാം, കിടമത്സരങ്ങളാവാം. ചിത്രാംഗദന്റെയും വിചിത്രവീര്യന്റെയും കാലശേഷം രാജാവാകാനും സന്താനോല്പാദനം നടത്താനും തന്റെ മേലുണ്ടായ എല്ലാ സമ്മർദ്ദങ്ങളെയും ഭീഷ്മർ മറികടന്നില്ലായിരുന്നെങ്കിൽ മിഥ്യാപവാദകുതുകിയായ ലോകം അദ്ദേഹത്തെ വെറുതെ വിടുമായിരുന്നോ എന്നു മാരാര് ചോദിക്കുന്നുണ്ട്. പരശുരാമനെ ജയിക്കാൻ പോന്ന ഈ ഭീഷ്മരുടെ കൺമുമ്പിൽ വച്ചല്ലേ ചിത്രാംഗദൻ കൊല്ലപ്പെട്ടത്, ഒന്നിലധികം വേളി കഴിച്ച രാജാക്കന്മാരൊക്കെ വിചിത്രവീര്യനെപ്പോലെ ക്ഷയം പിടിച്ചു മരിക്കുകയാണോ പതിവ് എന്നൊക്കെയുള്ള ചോദ്യങ്ങൾ വന്നേനെ എന്ന് മാരാര് പറഞ്ഞതു ശരിയാണ്. ആ മിഥ്യാപവാദ കുതുകികളാണ് പിൽക്കാലത്ത് ചില മാദ്ധ്യമ സ്ഥാപനങ്ങളിലിരുന്ന് മാലിക്കാരികളെപ്പറ്റി നിറം പിടിപ്പിച്ച കഥകളെഴുതിയത്. ഭീഷ്മരിൽ അസൂയ പൂണ്ട അകൃത്രവണന്റെ പിൻഗാമികളാണ് അഭിനവ പരശുരാമന്മാരെ മുന്നിൽ നിർത്തി പിന്നിലിരുന്നു ചരടുവലിച്ചത്.
ഏറെക്കാലമൊന്നുമായിട്ടില്ല. അന്നത്തെ പത്രവാർത്തകൾ വായിച്ചു കടമെന്നറിയാതെ വിശ്വസിച്ചു രോഷം പൂണ്ട പലരിൽ ഈ ലേഖകനുമുണ്ടായിരുന്നു. രാജ്യസുരക്ഷ എന്ന പതിവ് അടിത്തറയിട്ടാണ് ആ കള്ളക്കഥകളൊക്കെ, ഏതോ ബാറുകളിലിരുന്നു ഭാവനയിൽ മെനഞ്ഞു കൂട്ടി പത്രത്താളുകളിൽ നിറച്ചത്. അതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങിയ വായനക്കാരോട് അവരൊന്നും നാളിതുവരെ മാപ്പു പറഞ്ഞിട്ടുമില്ല. ഓർമ്മകൾ ഉണ്ടായിരിക്കണം… മാരാര് പറഞ്ഞ ചില കാര്യങ്ങൾ മറ്റെല്ലാവർക്കും കൂടി ബാധകമാണ്:
സ്ത്രീത്വത്തോടു കൃപോദാരമായി പെരുമാറുക എന്നതു പരിഷ്‌കൃത സമുദായങ്ങളൊക്കെ അനുഷ്ഠിക്കുന്ന ഒരാചാരമാണ്. എന്നാൽ നാം ഓരോരിക്കൽ അതനുസരിക്കുമ്പോഴും അതിന്റെ അടിയിൽ ആ ശ്രേഷ്ഠസംസ്‌കാരത്തിനു പുറമേ മറ്റു വല്ലതും ഒളിഞ്ഞു കിടക്കുന്നുണ്ടോ എന്നു പരീക്ഷിച്ച്, ഉണ്ടെങ്കിൽ അതിനെ നിയന്ത്രിക്കേണ്ടതാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ നമുക്കു പലപ്പോഴും ഈ രാമനു പറ്റിയ അബദ്ധം പിണയാം.
വിഷാദയോഗം: ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും അകിടുതന്നെ ചിലർക്കു കൗതുകം…
Discussion about this post