കനത്ത മഴ തുടരുന്നു, ജലനിരപ്പ് ഉയര്‍ന്ന് പുഴകള്‍ കരകവിഞ്ഞു, പലയിടങ്ങളിലും പ്രളയം, സംസ്ഥാന പാത വെള്ളത്തില്‍ മുങ്ങി

തിരുവമ്പാടി: കേരളത്തില്‍ പല സ്ഥലങ്ങളിലും ശക്തമായ മഴ തുടരുകയാണ്. പലയിടങ്ങളിലും പുഴകള്‍ കരകവിഞ്ഞു. ഇരുവഞ്ഞിപ്പുഴയില്‍ ശക്തമായ മലവെള്ളപ്പാച്ചിലില്‍ ജലനിരപ്പ് കുത്തനെ ഉയര്‍ന്നു. ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയതായാണ് സംശയം.

പുഴയില്‍ അനിയന്ത്രിതമായി വെള്ളം ഉയരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കനത്ത മഴയാണ് തിരുവമ്പാടി, കോടഞ്ചേരി, കൂടരഞ്ഞി പഞ്ചായത്തുകളില്‍ പെയ്യുന്നത്. മഴ കനത്തതോടെ പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.

അതിനാല്‍ ഇരുവഞ്ഞിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ മുന്‍കരുതല്‍ കൈക്കൊള്ളണമെന്നും റവന്യു, പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. മയ്യഴിപ്പുഴയിലേക്കൊഴുകുന്ന വാണിമേല്‍ പുഴ പലയിടങ്ങളിലും കര കവിഞ്ഞു.

മഴ കനത്തതോടെ വിഷ്ണുമംഗലം ബണ്ടും കവിഞ്ഞു. ഉമ്മത്തൂര്‍ ചേട്യാലക്കടവില്‍ പാലം പണിയുന്ന സ്ഥലത്തും പുഴ കവിഞ്ഞു. കല്ലാച്ചി മെയിന്‍ റോഡിലും തൂണേരി ബാലവാടി പരിസരത്തും സംസ്ഥാന പാത വെള്ളത്തില്‍ മുങ്ങി. നാദാപുരം കക്കംവെള്ളി തോട് കര കവിഞ്ഞൊഴുകുകയാണ്.

വിലങ്ങാട്ട് പുനര്‍നിര്‍മിച്ച ടൗണ്‍ പാലത്തില്‍ വെള്ളം കയറി. ചേലക്കാട്ട് കുറ്റ്യാടി ചാത്തോത്ത് ഫൈസലിന്റെ വീട്ടുമതിലിന്റെ പിന്‍ഭാഗം നിലം പൊത്തിയത് കിണറിനും വീടിനും ഭീഷണിയായി. ചേലക്കാട്ട് നന്തോത്ത് തോട്ടില്‍ മരം വീണത് ടിവി റോഡില്‍ വെള്ളക്കെട്ടിന് കാരണമായി. നാട്ടുകാര്‍ മരം മുറിച്ചു മാറ്റിയതോടെയാണ് വെള്ളക്കെട്ട് ഒഴിവായത്.

Exit mobile version