നഗരസഭ ജീവനക്കാരന് കൊവിഡ്: തിരൂരങ്ങാടി നഗരസഭ ഓഫീസ് അടച്ചു

മലപ്പുറം: തിരൂരങ്ങാടി നഗരസഭ ഓഫീസ് അടച്ചു. നഗരസഭ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നഗരസഭ ഓഫീസ് അടച്ചത്. ശുചീകരണ തൊഴിലാളിയായ ജീവനക്കാരന് ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതെസമയം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുതയാണ്.

അതിനിടെ സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ ദിവസം കാസര്‍കോട് മരിച്ച മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ ബിഎം അബ്ദുള്‍ റഹ്മാനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കര്‍ണാടക ഹുബ്ലിയിലെ വ്യാപാരിയാണ് ഇദ്ദേഹം. കര്‍ണാടക ഹുബ്ലിയില്‍ നിന്നും വരുന്നതിനിടെ രണ്ടുദിവസം മുമ്പ് കാസര്‍കോട് വച്ചാണ് ഇദ്ദേഹം മരിച്ചത്.

അതെസമയം കേരളത്തില്‍ ആരുമായി ഇയാള്‍ക്ക് സമ്പര്‍ക്കമില്ലെന്നാണ് വിവരം. അബ്ദുള്‍ റഹ്മാന്‍ രോഗമുണ്ടായത് കര്‍ണാടകയില്‍ നിന്നെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പിസിആര്‍ ടെസ്റ്റില്‍ കൊവിഡ് പോസിറ്റീവായിരുന്നു. നേരത്തെ ഇദ്ദേഹത്തിന്റെ ട്രൂനാറ്റ് ഫലവും പോസിറ്റീവായിരുന്നു.
രോഗം സ്ഥിരീകരിച്ചതോടെ ഇയാളെ പരിശോധിച്ച കാസര്‌കോട് ജനറല്‍ ആശുപത്രിയിലെ നാല് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി.

ആശുപത്രിയിലെ അത്യാഹിത വിഭാഗം അണുവിമുക്തമാക്കി. ബന്ധുക്കളടക്കമുള്ളവരോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അബ്ദുള്‍ റഹ്മാന്‍ കഴിഞ്ഞ ദിവസമാണ് ആംബുലന്‍സ് വഴി അതിര്‍ത്തിയായ തലപ്പാടിയിലെത്തിയത്. അവിടെ നിന്നും ടാക്‌സിയില്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പനി കൂടുതലാണെന്ന് മാത്രമാണ് ആശുപത്രിയില്‍ അറിയിച്ചിരുന്നത്. മരണം സംഭവിച്ചതോടെ ഡോക്ടര്‍മാര്‍ സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

Exit mobile version