കൊച്ചി: കായലില്‍ ചാടിയ യുവതിയെ സിവില്‍ പോലീസ് ഓഫീസര്‍ സാഹസികമായി രക്ഷപ്പെടുത്തി. ഫോര്‍ട്ട്കൊച്ചി സ്റ്റേഷനിലെ പോലീസ് ഓഫീസര്‍ ലവനാണ് അതിസാഹസികമായി യുവതിയെ രക്ഷിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലോടെ ഫോര്‍ട്ട്കൊച്ചി റോ-റോ ജെട്ടിയിലാണ് സംഭവം. മട്ടാഞ്ചേരി സ്വദേശിനിയായ യുവതിയാണ് ജെട്ടിയില്‍ നിന്ന് അഴിമുഖത്തേക്ക് ചാടിയത്.
ഈ സമയം ഇവിടെ ഫോര്‍ട്ട്കൊച്ചി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. മനുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് പട്രോളിങ്ങിന്റെ ഭാഗമായി ജെട്ടിയിലെത്തിയിരുന്നു. ജെട്ടിയില്‍ നിന്ന് ഒരാളെത്തി യുവതി കായലില്‍ ചാടാന്‍ നില്ക്കുന്നതായി പറഞ്ഞു. ഇത് കേട്ടയുടന്‍ ഇന്‍സ്പെക്ടര്‍ മനുരാജും ലെവനും ഓടിയടുത്തു. മനുരാജ് അടുത്തെത്തിയെങ്കിലും പിടികൂടുന്നതിന് മുന്‍പ് യുവതി വെള്ളത്തില്‍ ചാടി.
ശക്തമായ ഒഴുക്കുള്ള ഭാഗമായതിനാല്‍ യുവതി മുങ്ങിത്താഴ്ന്നു. ഈ സമയം സിവില്‍ പോലീസ് ഓഫീസറായ ലവന് അഴിമുഖത്തേക്ക് എടുത്തു ചാടി യുവതിയുടെ മുടിയില്‍ പിടിച്ചു. ഓട്ടോ ഡ്രൈവറായ പി.യു. ഇക്ബാലും പിറകെ ചാടി. പിന്നാലെ വന്ന മറ്റൊരാളും ചാടി. അടിയൊഴുക്ക് ശക്തമായിരുന്നുവെങ്കിലും മുടിയില്‍ പിടിച്ച് മുകളിലേക്ക് എത്തിച്ചു.ഓട്ടോ ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും സഹായത്തോടെ കണ്ട്രോള് റൂം വാഹനത്തില്‍ ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
യുവതിയെ ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി. ഉദ്യോഗസ്ഥന്റെ മനഃസാന്നിധ്യമാണ് ശക്തമായ ഒഴുക്കുള്ള മേഖലയായ ഈ ഭാഗത്ത് നിന്നും യുവതിയെ രക്ഷപെടുത്തിയത്. ശക്തമായ ഒഴുക്കുള്ള മേഖലയാണിത്. വെള്ളത്തില്‍ വീണാല്‍ രക്ഷപ്പെടുത്തുക എളുപ്പമല്ല. കുത്തിയതോട് സ്വദേശിയാണ് ലെവന്.
Discussion about this post