തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയില്‍ സാഹചര്യം ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി 600ഓളം സാമ്പിളുകള്‍ പരിശോധിച്ചതില്‍ 119 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്ഥിതി ഗുരുതരാവസ്ഥയിലേയ്ക്ക് കടക്കുന്ന സാഹചര്യത്തില്‍ പ്രദേശത്തെ കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് പരിശോധന നടത്താന്‍ തീരുമാനം എടുത്തിരിക്കുകയാണ്.
പൂന്തുറയില്‍ കൊവിഡ് വ്യാപനം തടയാന്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്‍കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും പോലീസ് മേധാവിയും പൂന്തുറയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. ഒരാളില്‍നിന്ന് 120 പേര് പ്രാഥമിക സമ്പര്‍ക്കത്തിലും 150ഓളം പേര് ദ്വിതീയ സമ്പര്‍ക്കത്തിലും വന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
നിയന്ത്രണങ്ങളുടെ ഭാഗമായി പുറത്തുനിന്ന് ആളുകള്‍ പൂന്തുറയിലേക്ക് എത്തുന്നത് കര്‍ശനമായി തടയുകയും അതിര്‍ത്തികള്‍ അടച്ചിടുകയും ചെയ്യും. ഇതുകൂടാതെ, കടല്‍വഴി ആളുകള്‍ പൂന്തുറയില്‍ എത്തുന്നത് തടയാന്‍ കോസ്റ്റല്‍ പോലീസിനും നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും പൂന്തുറയിലെ മൂന്ന് വാര്‍ഡുകളില്‍ നാളെ മുതല്‍ ഓരോ കുടുംബത്തിനും അഞ്ച് കിലോ വീതം സൗജന്യ റേഷന്‍ നല്‍കുമെന്നും ഇതിന് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പൂന്തുറയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനായി പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു.
Discussion about this post