ചിരിപ്പിക്കണമെന്നുണ്ട്, പക്ഷേ ഉള്ള് നീറുകയാണ്; കോവിഡ് കാരണം ജീവിതം വഴിമുട്ടിയവരില്‍ സര്‍ക്കസ് കലാകാരന്മാരും, കൈയ്യില്‍ ചില്ലിക്കാശില്ല, ജോലിയുമില്ല

മുംബൈ: ഒരുകാലത്ത് നിറഞ്ഞ വേദിയിലെ കാഴ്ചക്കാരെ ചിരിപ്പിച്ചുകൊണ്ടിരുന്ന ബിജു ഇപ്പോള്‍ ആരും കാണാതെ മാറിയിരുന്ന് കരയാറാണ് പതിവ്. കോവിഡ് കാരണം ജോലി നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ ബിജുവുമുണ്ട്. ബിജു മാത്രമല്ല, അദ്ദേഹം ജോലി ചെയ്യുന്ന സര്‍ക്കസിലെ മുഴുവന്‍ പേരും.

റാംബോ സര്‍ക്കസിലെ ജോക്കറാണ് തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ ബിജു. കോവിഡ് വില്ലനായി എത്തിയതോടെ മുംബൈ ഐരോളിയില്‍ റാംബോ സര്‍ക്കസ് ക്യാംപ് തുടങ്ങി മൂന്നാം ദിനം ലോക്ഡൗണ്‍ വന്നു. ആദ്യ മാസങ്ങളില്‍ കൈയിലുള്ള സമ്പാദ്യത്തില്‍ നിന്ന് വീട്ടിലേക്ക് അയച്ചു.

എന്നാല്‍ ലോക്ഡൗണ്‍ 4 മാസം പിന്നിടുമ്പോള്‍ കയ്യില്‍ ചില്ലിക്കാശില്ല. ജോലിയുമില്ല. എന്തുചെയ്യണമെന്നറിയാതെ മുറിയില്‍ വിഷമിച്ചിരിക്കുകയാണ് ബിജു. അമ്മയില്ലാത്ത തന്റെ മക്കള്‍ക്ക് ആഹാരസാധനങ്ങള്‍ വാങ്ങാന്‍ പോലും ഈ മാസം പണം അയക്കാന്‍ ബിജുവിന് സാധിച്ചിട്ടില്ല.

ഇതുകാരണം രണ്ടാഴ്ചയായി അവരുടെ ഫോണ്‍ വന്നാലും എടുക്കാറില്ല. താന്‍ പട്ടിണിയിലായാലും മക്കള്‍ക്കളെ പൊന്നുപോലെ നോക്കണമെന്ന് ബിജുവിന് ആഗ്രഹമുണ്ട്. പക്ഷേ പോക്കറ്റില്‍ കാശില്ല. കാശ് വരാന്‍ വഴിയുമില്ല. ലോക്ക് ഡൗണായതോടെ സര്‍ക്കസും നിലച്ചു.

റാംബോ ക്യാംപിലെ 60 പേരുടെയും സ്ഥിതി ഇതാണ്. മഴയായതോടെ ഗ്രൗണ്ടില്‍ വെള്ളവും ചെളിയും നിറഞ്ഞു. എസിയും ലൈറ്റും അടക്കമുള്ള വിലപിടിച്ച ഉപകരണങ്ങള്‍ വെള്ളത്തില്‍ മുങ്ങി, കാടുകയറി തുടങ്ങി. നാളെ എന്ത് എന്നറിയാത്ത അവസ്ഥയില്‍ ദിവസങ്ങള്‍ തള്ളി നീക്കുകയാണിവര്‍.

Exit mobile version