കൊച്ചി: എറണാകുളത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെക്കുമെന്ന് സൂചന. വൈറസ് വ്യാപനം വേഗത്തിലാണെന്നും ആവശ്യമെങ്കില്‍ ട്രിപ്പിള്‍ ലോക്ഡൗണിലേക്ക് നീങ്ങുമെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു. ട്രിപ്പിള്‍ ലോക്ഡൗണിലേക്ക് നീങ്ങുകയാണെങ്കില്‍ മുന്നറിയിപ്പുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ രോഗ ബാധിതരായ മേഖലകളെ ക്ലസ്റ്റര്‍ കണ്ടെയ്‌ന്മെന്റ് സോണുകളാക്കുമെന്ന് ജില്ലാ ഭരണ കൂടം വ്യക്തമാക്കിയിരുന്നു. സമൂഹ വ്യാപന സാധ്യതകള്‍ പൂര്‍ണമായും തടയുകയും എന്നാല്‍ ജനജീവിതം ദുസ്സഹമാകാതിരിക്കുകയും ലക്ഷ്യമിട്ടാണ് ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ വേര്‍തിരിക്കുന്നത്.
ക്ലസ്റ്റര്‍ സോണുകളിലുള്ള മുഴുവന്‍ പേരെയും രോഗ പരിശോധനയ്ക്ക് വിധേയരാക്കും. രോഗ ലക്ഷണം ഉള്ളവരില്‍ ആന്റിജന്‍ പരിശോധനയും ഇല്ലാത്തവരില്‍ ആര്‍ടിപിസിയാറും നടത്തി രോഗവ്യാപനം മുന്‍കൂട്ടി തടയലാണ് ലക്ഷ്യം. നഗരസഭവാര്‍ഡുകള്‍ , ആലുവ, ചെല്ലാനം, കീഴ്മാട് തുടങ്ങിയ സ്ഥലങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങള്‍ ക്ലസ്റ്റര്‍ കണ്ടെയ്്‌ന്മെന്റ് സോണുകളാക്കിയേക്കും. ക്ലസ്റ്ററുകളില്‍ ട്രിപ്പില്‍ ലോക്ഡൗണ്‍ പോലെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനമെന്നും അധികൃതര്‍ വിശദീകരിച്ചിക്കുന്നു.
എറണാകുളം ജനറല്‍ ആശുപത്രി ഹൃദ്രോഗവിഭാഗത്തില്‍ കഴിഞ്ഞ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കാര്‍ഡിയോളജി, ജനറല്‍ മെഡിസില്‍ വിഭാഗങ്ങള്‍ പൂട്ടി. ഇത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. അതെസമയം കഴിഞ്ഞ ദിവസം ജില്ലയിലെ മൂന്ന് സ്വകാര്യ ആശുപത്രിയിലും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവിടുത്തെ ആരോഗ്യ പ്രവര്‍ത്തകരും നിരീക്ഷണത്തില്‍ പോയിരിക്കുകയാണ്.
എറണാകുളം ചെല്ലാനത്ത് രണ്ട് ദിവസത്തെ ഇടവേളയില്‍ 7 പേരാണ് കൊവിഡ് പൊസീറ്റീവയത്. വെണ്ണലയില്‍ ഒരു ദിവസം തന്നെ സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായവര്‍ 8 പേരാണ്. ഇങ്ങിനെ കഴിഞ്ഞ 12 ദിവസത്തിനിടെ എറണാകുളം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത് 59 പേരാണ്. ഇതില്‍ 11 പേരുടെ ഉറവിടം കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
Discussion about this post