മുഹമ്മ: കൊവിഡ് കാലത്ത് വിദ്യാഭ്യാസം പോലും ഓൺലൈനാകുന്ന കാലത്ത് വൈദ്യുതി പോലുമില്ലാത്ത കുടിലിൽ ജീവിതം തള്ളി നീക്കി രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ഈ കുടുംബം. തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ പത്താം വാർഡിൽ നെല്ലിശ്ശേരിവെളിയിൽ വീട്ടിൽ വിനോദും കുടുംബവും ഓൺലൈൻ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാകാൻ ടിവിയോ വൈദ്യുതിയോ സ്മാർട്ട്ഫോണോ ഇല്ലാത്തതിനാൽ സഹായമഭ്യർത്ഥിച്ച് പഞ്ചായത്തിനെ സമീപിച്ചത്. പത്താം ക്ലാസ്സിലും നാലാം ക്ലാസ്സിലും പഠിക്കുന്ന കുട്ടികളുളള കുടുംബത്തിന്റെ അപേക്ഷ ലഭിച്ച ഉടൻ നെല്ലിശ്ശേരിവീട്ടിൽ എത്തിയ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ഇവരുടെ ജീവിത സാഹചര്യം കണ്ട് മനസിലാക്കി സഹായ ഹസ്തം ഒരുക്കുകയായിരുന്നു.
സ്വന്തം പേരിൽ സ്ഥലമില്ലാത്തതും പണിപൂർത്തിയാകാത്ത അടിത്തറ മാത്രം കെട്ടിയ ഒരു വീടിന് സമീപം പ്ലാസ്റ്റിക് ഷീറ്റിൽ നാല് വശവും മറച്ച കൊച്ചു കുടിലിലാണ് ഇവരുടെ താമസം. മഴയും കാറ്റും വരുമ്പോൾ അടുത്ത ബന്ധുവിന്റെ വീട്ടിൽ അഭയം തേടുകയാണ് വിനോദും കുടുംബവും. ഓൺലൈൻ പഠനം ആരംഭിച്ചപ്പോൾ മുതലാണ് വൈദ്യുതി ഇല്ലാത്തത് മൂലം പഠനം നടത്താൻ കഴിയാതെ വന്നത്. കൈവശാവകാശം സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് എന്നീ നൂലാമാലകളോടൊപ്പം അവകാശികളുടെ സമ്മതപത്രം കൂടി ആവശ്യപ്പെട്ടപ്പോൾ സ്വന്തമായി വീടില്ലാത്ത ഇവർക്ക് വൈദ്യുതി വിദൂര സ്വപ്നമായി അവശേഷിക്കുകയായിരുന്നു. ഒടുവിൽ യ കുട്ടികളുടെ വിദ്യാഭ്യാസവും നഷ്ടപ്പെടുമെന്ന വിഷമ ഘട്ടത്തിലാണ് പഞ്ചായത്തിനെ സമീപിച്ചത്.
ഏറെനാളായി തൊഴിൽ പരമായി പഞ്ചായത്തിൽ നിന്നും മാറി താമസിക്കുന്നതിനാൽ കഷ്ടതയിൽ കഴിഞ്ഞ ഈ കുടുംബത്തിന് പഞ്ചായത്ത് കൈത്താങ്ങ് ഒരുക്കുകയാണ്. ചേർത്തല ഇക്ട്രിസിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് ഓഫീസറിന്റെ ചുമതലയുളള വിജയൻ വിടിയുടെ നിർദേശപ്രകാരം തണ്ണീർമുപഞ്ചായത്തിന്റെ ഭൂരഹിത ഭവന രഹിത പദ്ധതിയിൽ ഉൾപ്പെടുത്തികൊണ്ട് സ്ഥലവും വീടും ഒരുക്കുന്നതിന് ആറേകാൽ ലക്ഷം രൂപ അനുവദിച്ച് നടപടികൾക്ക് തുടക്കമിട്ടതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. താൽക്കാലിക സംവിധാനം എന്ന നിലയിൽ വൈദ്യുതി ലഭ്യമാകുന്നതിന് അപേക്ഷ നൽകിയാൽ ഇരുപത്തിനാല് മണിക്കൂറിനുളളിൽ വൈദ്യുതി ലഭ്യമാക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ സന്തോഷ്കുമാർആർ പറഞ്ഞു.
വൈദ്യുതി ലഭ്യമാക്കുന്നതിന് ആവശ്യമായ രേഖകൾ നൽകുമെന്നും പഞ്ചായത്ത് സെക്രട്ടറി അബ്ദുൽഖാദർ പറഞ്ഞു. വൈദ്യുതി ലഭ്യമായാൽ അന്ന് തന്നെ പഠനത്തിന് ആവശ്യമായ ടെലിവിഷൻ പഞ്ചായത്ത് നൽകും. കൊവിഡ് മൂലം പ്രത്യേക പരിഗണന ഈകുടുംബത്തിന് നൽകികൊണ്ട് പഞ്ചായത്ത് കൈത്താങ്ങാവുകയാണ്.
Discussion about this post