മലപ്പുറം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയില്‍. ഇന്ന് 63 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
11 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. മറ്റുള്ളവര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന് അറിയിച്ചു.
വട്ടംകുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ കുറ്റിപ്പുറം സ്വദേശിനി (34), പൊന്നാനിയിലെ പൊലീസ് ഓഫീസര്‍ (36), ജൂണ്‍ 22 ന് രോഗബാധ സ്ഥിരീകരിച്ച താനൂര്‍ ചീരാന്‍കടപ്പുറം സ്വദേശിയുമായി ബന്ധമുള്ള ചീരാന്‍കടപ്പുറം സ്വദേശിനി (85), ലോട്ടറി കച്ചവടം നടത്തുന്ന ആലങ്കോട് സ്വദേശി (32), വട്ടംകുളത്തെ അങ്കണവാടി വര്‍ക്കര്‍ (56), പൊന്നാനി നഗരസഭാ കൗണ്‍സിലര്‍മാരായ കറുവന്തുരുത്തി സ്വദേശി (45), കുറ്റിക്കാട് സ്വദേശി (41), ജൂണ്‍ 28 ന് രോഗബാധ സ്ഥിരീകരിച്ച വട്ടംകുളം ശുകപുരം സ്വദേശിയായ ഡോക്ടറുമായി ബന്ധമുള്ള പൊന്നാനി സ്വദേശി (38), പൊന്നാനി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് നഴ്സ് തിരുവനന്തപുരം സ്വദേശിനി (27) എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് ആകെ 272 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 54, പാലക്കാട് 29, എറണാകുളം 21, കണ്ണൂര്‍ 19, ആലപ്പുഴ 18, കോഴിക്കോട് 15, കാസര്‍ഗോഡ് 13, പത്തനംതിട്ട 12, കൊല്ലം 11, തൃശൂര്‍ 10, കോട്ടയം 3, വയനാട് 3, ഇടുക്കി 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ളകണക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 157 പേര് വിദേശത്ത് നിന്നും 38 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 2,85,968 സാമ്പിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു.
111 പേര് രോഗമുക്തി ഇന്ന് നേടി. സമ്പര്‍ക്കത്തിലൂടെ 68 പേര്‍ക്ക് രോഗം ബാധിച്ചു. 15 പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
Discussion about this post