പത്തനാപുരം: ഓട്ടോ ഡ്രൈവറും വിവാഹിതനുമായ യുവാവുവിനെ പ്രണയിച്ചതിന്റെ പേരില്‍ അച്ഛനും സഹോദരനും ചേര്‍ന്ന് യുവതിയുടെ മുടിമുറിക്കുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ കേസെടുത്ത പോലീസ് പത്തനാപുരം സ്വദേശിയായ യുവതിയുടെ അച്ഛനെ അറസ്റ്റ് ചെയ്തു. കേസില്‍ പ്രതിയായ സഹോദരന് ഒളിവിലാണ്.
ഓട്ടോ ഡ്രൈവറും വിവാഹിതനുമായ യുവാവുമായുള്ള പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നതായി പോലീസ് പറഞ്ഞു. ബന്ധം അവസാനിപ്പിക്കണമെന്ന താക്കീത് മാനിക്കാതിരുന്നതിന് യുവതിയെ വീട്ടുകാര്‍ മര്‍ദിച്ചിരുന്നു. കഴിഞ്ഞദിവസവും ഇതിന്റെ പേരില്‍ വഴക്കുണ്ടായെന്ന് പോലീസ് പറഞ്ഞു. അച്ഛനും സഹോദരനും ചേര്‍ന്ന് കെട്ടിയിട്ട് മുടി മുറിക്കുകയായിരുന്നുവെന്ന് യുവതി പോലീസിനു നല്കിയ പരാതിയില്‍ പറയുന്നു.
തല പൂര്‍ണമായി മുണ്ഡനംചെയ്ത നിലയിലാണ് യുവതി പരാതി നല്കാന് പോലീസ് സ്റ്റേഷനില്‍ എത്തിയത്. ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളും ഉണ്ട്. എന്നാല്‍ വീട്ടുകാര്‍ മുടിയുടെ കുറെ ഭാഗം മാത്രമേ മുറിച്ചിട്ടുള്ളൂവെന്നും പിന്നീട് യുവതിതന്നെ മുടി പൂര്‍ണമായി നീക്കം ചെയ്യുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായ അച്ഛനെ റിമാന്‍ഡ് ചെയ്തു.
Discussion about this post