തിരുവനന്തപുരം: വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വർണ്ണം കടത്താൻ ശ്രമിച്ച കേസിൽ മുഖ്യ ആസൂത്രകയെന്നു കരുതുന്ന സ്വപ്‌ന സുരേഷും ഐടി സെക്രട്ടറിയും തമ്മിൽ അടുത്ത ബന്ധമെന്ന് മുമ്പത്തെ അയൽക്കാരുടെ ആരോപണം. ഇവർ താമസിച്ചിരുന്ന ഫഌറ്റിലേക്ക് സർക്കാർ വാഹനങ്ങളിൽ ആളുകൾ വരികയും മദ്യപിച്ച് പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നത് പതിവായിരുന്നെന്നും ഇവർ മുൻപ് താമസിച്ചിരുന്ന തിരുവനന്തപുരം മുടവൻമുകളിലെ ഫഌറ്റിലെ റസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞതായി മാതൃഭൂമി പറയുന്നു.
കോൺസുലേറ്റിൽ ജോലിചെയ്യുമ്പോഴാണ് സ്വപ്‌ന സുരേഷ് ഇവിടെ താമസിച്ചിരുന്നതെന്നും ഒരു വർഷം മുൻപാണ് ഇവിടെനിന്ന് താമസം മാറിയതെന്നും ഫഌറ്റിലെ താമസക്കാർ പറയുന്നു. രാത്രി വൈകുവോളം ആളുകൾ വന്നുപോകുകയും രാത്രിയിൽ പാർട്ടികൾ നടത്തുകയും ചെയ്യുന്നത് പതിവായിരുന്നെന്നാണ് അയൽക്കാർ പറയുന്നു. ഐടി സെക്രട്ടറി സർക്കാർ കാറിൽ ഫഌറ്റിൽ വരാറുണ്ടായിരുന്നു. മദ്യപിച്ച് രാത്രി ഒരു മണി വരെയെങ്കിലും ഇവിടെ തങ്ങാറുണ്ടായിരുന്നു. ഐടി സെക്രട്ടറിക്കെതിരെ നിരവധി തവണ പോലീസിനെ വിളിച്ചറിയിച്ചിരുന്നതായി താമസക്കാർ പറയുന്നു. എന്നാൽ പോലീസ് നടപടി സ്വീകരിച്ചിരുന്നില്ലെന്നും അവർ ആരോപിക്കുന്നു.
രാത്രി വൈകി ഐടി സെക്രട്ടറിക്ക് തിരിച്ചുപോകുന്നതിന് ഗെയിറ്റ് തുറന്നുകൊടുക്കാത്തതിന്റെ പേരിൽ സ്വപ്‌നയുടെ രണ്ടാമത്തെ ഭർത്താവ് സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചിരുന്നെന്നൊക്കെയാണ് ആരോപണങ്ങളിലുള്ളത്. റസിഡന്റ്‌സ് അസോസിയേഷൻ ഇടപെട്ടതിനെത്തുടർന്ന് ഒരു വർഷം മുൻപാണ് സ്വപ്ന ഫഌറ്റിൽനിന്ന് പോയതെന്നും ഇവർ പറയുന്നു.
Discussion about this post