പാലക്കാട്:’എനിയ്ക്ക് ഒരു തരി പൊന്ന് വേണ്ട, പകരം എന്റെ പ്രായത്തിലുള്ള പാവപ്പെട്ട കുട്ടികളുടെ കല്യാണം നടത്തി കൊടുത്താമതി..’ പാലക്കാട് വല്ലപ്പുഴക്കാരി സല്‍വ മൊയ്നുവിന്റെ വാക്കുകളാണിത്. സോഷ്യല്‍ ലോകം ഒന്നടങ്കം ഈ വലിയ മനസ്സിന് കൈയ്യടിക്കുകയാണ്.
വല്ലപ്പുഴയിലെ മൊഹിനുദ്ധീന് സൈഫുന്നീസ ദമ്പതികളുടെ നാലുമക്കളില്‍ ഏറ്റവും ഇളയവളാണ് സല്‍വ. വിവാഹാലോചനകള്‍ വന്നുതുടങ്ങിയപ്പോള്‍ അവള്‍ക്ക് ഒരു നിബന്ധനയേ ഉണ്ടായിരുന്നുള്ളൂ. ‘കാക്കച്ചി, എനിക്ക് കല്യാണത്തിന് പൊന്നുവേണ്ട. പകരം എന്റെ പ്രായത്തിലുള്ള പാവപ്പെട്ട കുട്ടികളുടെ കല്യാണം നടത്തി കൊടുത്താമതി..’ എന്നാണ് പറഞ്ഞത്. സല്‍വ അവളുടെ വാപ്പയെ സ്നേഹത്തോടെ കാക്കച്ചി എന്നാണ് വിളിക്കുന്നത്.
കല്യാണ പ്രായമായപ്പോള്‍ അവള് പറഞ്ഞ ഈ മോഹം മൊഹിനുദ്ധീനും കുടുംബത്തിനും ബോധിച്ചു. അങ്ങനെ കോവിഡ് കാലത്ത് നന്മയുടെ പന്തലിട്ട് മകളുടെ ആഗ്രഹം പോലെ വിവാഹം നടത്തി.
മകളുടെ ആഗ്രഹപ്രകാരം അവളുടെ കല്യാണം നടക്കുന്ന പന്തലില്‍ തന്നെ പാവപ്പെട്ട പെണ്‍കുട്ടികളുടെ കല്ല്യാണവും നടത്താനുള്ള അന്വേഷണമായി. സല്‍വയുടെ ഈ മോഹം കോവിഡ് പ്രതിസന്ധികള്‍ക്കിടെ ചെയ്യാന്‍ പറ്റുന്ന വലിയ കാര്യമായി ഈ കുടുംബത്തിന് തോന്നി.
പിന്നെ, കോവിഡ് ദുരന്തത്തില്‍ പണത്തിന്റെ കുറവ് കൊണ്ട് കല്യാണം പ്രതിസന്ധിയിലായിപ്പോയ കുടുംബങ്ങളെ കണ്ടെത്താനുള്ള അന്വേഷണമായി.
ആ അന്വേഷണം ഒടുവില്‍ ആറു കുടുംബങ്ങളില്‍ ചെന്നുനിന്നു. കോവിഡ് പ്രതിസന്ധിയും ഉയര്‍ന്ന സ്വര്‍ണവിലയും പല കുടുംബങ്ങളെയും തളര്‍ത്തിയിരിക്കുന്ന സമയത്താണ് മൊഹിനുദ്ധീന് അവര്ക്കുമുന്നിലെത്തുന്നത്.
മകളുടെ മോഹം അറിയിച്ചപ്പോള്‍ ആറു കുടുംബങ്ങള്‍ക്കും അവരെ കല്യാണം കഴിക്കാനിരുന്ന യുവാക്കള്‍ക്കും പൂര്‍ണ സമ്മതം. ഇതോടെ കല്യാണത്തിനുള്ള ഒരുക്കമായി. ഓരോ പെണ്‍കുട്ടികള്‍ക്കും എട്ടരപവന്‍ സ്വര്‍ണം വീതം നല്കി. അപ്പോഴും മകള്‍ക്ക് ഒരു തരി പൊന്നുപോലും ഈ അച്ഛന് കൊടുത്തില്ല. പകരം അവളുടെ ആഗ്രഹം നിറവേറുന്നത് കണ്ട് ഉള്ളില്‍ സന്തോഷിച്ചു.
ബിസിനസുകാരനായ മൊഹുസിനാണ് സല്‍വയെ വിവാഹം കഴിച്ചത്. കഴിഞ്ഞ മാസമായിരുന്നു സ്നേഹവും കരുതലും കൊണ്ടുള്ള ഈ ‘ആഡംബര’ വിവാഹം.
ഹമീദ് അഴിക്കോട് എന്ന വ്യക്തിയാണ് ഈ നന്മ കഥ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.
വിവാഹം നടത്തിക്കൊടുക്കുക മാത്രമല്ല മൊഹിനുദ്ധീന്റെ നന്മ, അവരില്‍ ഒരാള്‍ക്ക് വീടും വച്ചുനല്‍കാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം.
Discussion about this post