പത്തനംതിട്ട: ക്വാറന്റൈന് ലംഘിച്ച് പുറത്തിറങ്ങിയ ആളെ ആരോഗ്യപ്രവര്‍ത്തകര്‍ ഓടിച്ചിട്ട് പിടിച്ചു. സൗദി അറേബ്യയില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയവേ ഭാര്യ ഉള്‍പ്പടെയുള്ള വീട്ടുകാരുമായി വഴക്കിട്ട ശേഷം ഇയാള്‍ പുറത്തേയ്ക്ക് പോവുകയായിരുന്നു. മൂന്നുദിവസം മുമ്പാണ് ഊന്നുകല്‍ സ്വദേശിയായ ഇയാള്‍ റിയാദില്‍നിന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.
നഗരത്തില്‍ പോലീസുകാര്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മുഖാവരണം ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചെത്തിയ ആളെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലീസുകാര്‍ വിവരം തിരക്കി. അപ്പോഴാണ് വിദേശത്തുനിന്ന് എത്തിയ ആളാണെന്നും ക്വാറന്റൈനില്‍ കഴിയുകയായിരുന്നുവെന്നും മനസ്സിലാവുകയായിരുന്നു.
പറഞ്ഞ വിവരങ്ങള്‍ സത്യമാണോ എന്നറിയാന്‍ വേണ്ടി ഇദ്ദേഹത്തിന്റെ വീട്ടുകാരുടെ നമ്പര്‍ വാങ്ങുകയും അന്വേഷിക്കുകയും ചെയ്തു. ആശുപത്രിയില്‍ പോകാനുള്ള പോലീസിന്റെ നിര്‍ദേശം ഇയാള്‍ പാടെ തള്ളിക്കളയുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിച്ചു. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഇയാളെ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പകരം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നീട് ആരോഗ്യപ്രവര്‍ത്തകര്‍ ഇയാളെ സാഹസികമായി കീഴ്പ്പെടുത്തി കൈകാലുകള്‍ ബന്ധിച്ച് ആംബുലന്‍സില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.
Discussion about this post