കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഉറവിടം അറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ഇത്തരത്തില്‍ രോഗികളുടെ എണ്ണം കൂടുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്. കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയില്‍ ജാഗ്രതയും നിയന്ത്രണവും ശക്തമാക്കാനും മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനമെടുത്തു.
ജില്ലയില്‍ സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവരില്‍ അധികവും കര്‍ണാടകയില്‍ പോയവരാണ്. അതുകൊണ്ട് തന്നെ ഇനി മുതല്‍ ദിവസേന അതിര്‍ത്തി കടന്നു പോകുന്നത് നിയന്ത്രിക്കും. ജോലിക്ക് പോകേണ്ടവര്‍ കര്‍ണാടകയില്‍ 28 ദിവസം താമസിച്ച ശേഷം കേരളത്തില്‍ എത്തിയാല്‍ മതി. തിരിച്ച് കര്‍ണാടകയില്‍ നിന്നും കേരളത്തില്‍ ജോലിക്ക് എത്തുന്നവര്‍ക്കും ഇത് ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം അതിര്‍ത്തി പ്രദേശങ്ങളിലെ ഊടു വഴിയിലൂടെ നടന്നു വരുന്നവരെ നിയന്ത്രിക്കുന്നതിനായി ബാരിക്കേഡുകള്‍ സ്ഥാപിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്കും പോലീസിനുമാണ് നിരീക്ഷണ ചുമതല.
അതേസമയം രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കര്‍ണാടകയിലേക്ക് ദിവസേന യാത്ര ചെയ്യാനുള്ള പാസ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണെന്നും ഈ പാസ് ഉപയോഗിച്ച് ഇനി ആര്‍ക്കും യാത്ര ചെയ്യാനാവില്ലന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ബേക്കല്‍ കോട്ട വിനോദസഞ്ചാരികള്‍ക്ക് തുറന്ന് കൊടുക്കാനുള്ള തീരുമാനവും പിന്‍വലിച്ചിട്ടുണ്ട്.
Discussion about this post