കോഴിക്കോട്: മാസ്‌ക് ധരിച്ചില്ലെങ്കില്‍ 10,000 രൂപ പിഴ. ഉറവിടമറിയാതെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കടുത്ത നടപടിയിലേയ്ക്ക് കടക്കുന്നത്. കോഴിക്കോട് ജില്ലയില്‍ ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി പോലീസും ജില്ലാ ഭരണകൂടവും. മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഇനി മുതല്‍ പതിനായിരം രൂപ പിഴ ഈടാക്കുമെന്ന് സിറ്റിപോലീസ് കമ്മീഷണര്‍ എവി ജോര്‍ജ് അറിയിച്ചു.
ജനങ്ങള്‍ പുറത്തിറങ്ങുന്നത് അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമായി ചുരുക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കുകയും ചെയ്തു. ആളുകള്‍ കൂടുതലെത്തുന്ന പാളയം മാര്‍ക്കറ്റ്, സെന്‍ട്രല്‍ മാര്‍ക്കറ്റ്, മിഠായി തെരുവ് എന്നിവടങ്ങളിലും നിയന്ത്രണം കടുപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നഗരത്തില്‍ പോലീസ് നടത്തുന്ന മിന്നല്‍ പരിശോധനയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം കണ്ടെത്തിയാല്‍ കടയുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും.
കഴിഞ്ഞ ദിവസം ഉറവിടമറിയാത്ത കൊവിഡ് രോഗം സ്ഥിരീകരിച്ച ഫ്ളാറ്റ് ഉള്‍പ്പടെയുള്ള പ്രദേശം കണ്ടെയ്‌മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വ്യാപാര കേന്ദ്രങ്ങളിലും തുറമുഖങ്ങളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം ആവര്‍ത്തിച്ചാല്‍ കച്ചവടക്കാര്‍ക്കെതിരെ നിയമ നടപടിയുണ്ടാകുമെന്നും ജില്ലാ കളക്ടര്‍ വി സാംബശിവയും അറിയിച്ചു.