തൃശ്ശൂർ: പടിഞ്ഞാറേക്കോട്ടയിൽ മരിച്ചനിലയിൽ കണ്ടെത്തിയ മനക്കൊടി മാമ്പുള്ളി വീട്ടിൽ രാജേഷി(50)ന്റെ ജീവനെടുത്തത് 50 രൂപയെ ചൊല്ലിയുള്ള തർക്കം. പടിഞ്ഞാറെക്കോട്ടയിലെ വാണിജ്യസമുച്ചയത്തിൽ മരിച്ചനിലയിലാണ് രാജേഷിനെ കണ്ടെത്തിയത്യ പിന്നീട് നടത്തിയ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് കുരിയച്ചിറ മരത്തറിയിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (47), ഒരുമനയൂർ കാരേക്കാട് വലിയകത്ത് തോട്ടുങ്ങൽ വീട്ടിൽ ഫൈസൽ (36), വെങ്ങിണിശ്ശേരി കാര്യാടൻ വീട്ടിൽ ഷിജു (35) എന്നിവരെ അറസ്റ്റ് ചെയ്തു.
സംഭവത്തിന് രണ്ടുദിവസംമുമ്പ് പടിഞ്ഞാറേക്കോട്ടയിലെ കള്ളുഷാപ്പിൽവെച്ച് രാജേഷും പ്രതികളും തമ്മിൽ 50 രൂപയെച്ചൊല്ലി തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
പോലീസ് പറയുന്നതിങ്ങനെ: ഷാപ്പിൽവെച്ച് ഒന്നാംപ്രതിയായ ഉണ്ണിയുടെ പോക്കറ്റിൽനിന്ന് 50 രൂപയെടുക്കാൻ രാജേഷ് ശ്രമിച്ചിരുന്നു. തുടർന്ന് നടന്ന വാക്കുതർക്കത്തിനുശേഷം ഉണ്ണിയും കൂട്ടുകാരും അവിടെനിന്നു പോയി. പടിഞ്ഞാറേക്കോട്ടയിൽ ഇനി വരരുതെന്ന് രാജേഷ് ഉണ്ണിയെ ഭീഷണിപ്പെടുത്തി. ഉണ്ണി ഫൈസലിനെയും ഷിജുവിനെയും കൂട്ടി വെള്ളിയാഴ്ച പടിഞ്ഞാറേക്കോട്ടയിലെത്തി. വാണിജ്യസമുച്ചയത്തിന്റെ കോണിപ്പടിയിൽ ഇരിക്കുകയായിരുന്ന രാജേഷിനെ കാലിൽ പിടിച്ചുവലിച്ച് തട്ടിയിട്ട് അടിക്കുകയും അടിവയറ്റിൽ ചവിട്ടുകയും ചെയ്തു. ദേഷ്യം തീരാതെ വീണ്ടും സ്ഥലത്തുവന്ന് രാജേഷിനെ കത്രികകൊണ്ട് കുത്തിയും ചവിട്ടിയും അടിച്ചും ബോധരഹിതനാക്കി. തുടർന്നാണ് രാജേഷ് മരിച്ചത്.
എസിപി വികെ രാജുവിന്റെയും വെസ്റ്റ് സിഐ സലീഷ് എൻ ശങ്കരന്റെയും നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളേജിനടുത്ത് ഒഴിഞ്ഞ കെട്ടിടത്തിൽ ഒളിവിൽ താമസിക്കുകയായിരുന്നു ഇവർ.
അന്വേഷണസംഘത്തിൽ വെസ്റ്റ് എസ്ഐമാരായ കെസി ബൈജു, സുധീർ, എഎസ്ഐമാരായ ഹരി, പികെ രമേഷ്, വിഎ സന്തോഷ്, സുദർശനൻ, സഗീർ, പോലീസുകാരായ അനിൽകുമാർ, ഗിരീഷ്, സനൂപ് ശങ്കർ, ഷെല്ലാർ, വിപിൻ, ഷിബു, സുജിത്ത്, ജോസഫ്, അരുൺഘോഷ്, മനോജ് കുമാർ എന്നിവരുണ്ടായിരുന്നു.
Discussion about this post