തിരുവനന്തപുരം: തിരുവനന്തപുരത്തു ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാന ഭാഗ്യക്കുറിയുടെ തിങ്കൾ മുതൽ ഒരാഴ്ചത്തെ നറുക്കെടുപ്പ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നഗര പരിധിയിലെ കെഎസ്ആർടിസി ഓഫീസുകളും, പാപ്പനംകോട് സെൻട്രൽ വർക്ഷോപ്പും പ്രവർത്തിക്കില്ല. എന്നാൽ സെക്യൂരിറ്റി, കൺട്രോൾറൂം, അവശ്യ സർവീസുകൾക്കായുള്ള ഡിപ്പോകളിലെ ടിക്കറ്റ് & ക്യാഷ് കൗണ്ടറുകൾ എന്നിവയ്ക്ക് നിയന്ത്രണം ബാധകമായിരിക്കില്ല.
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ കെഎസ്ആർടിസി സർവീസുകൾ താഴെ പറയുന്ന രീതിയിൽ ക്രമീകരിച്ചതായി കെഎസ്ആർടിസി.അറിയിച്ചു. തിരുവനന്തപുരം നഗര പരിധിക്കുള്ളിൽ പൊതു ഗതാഗതം നിർത്തി വയ്ക്കുന്നതിനാൽ പാപ്പനംകോട്, തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം സെൻട്രൽ, പേരൂർക്കട, വികാസ് ഭവൻ, വിഴിഞ്ഞം യൂണിറ്റുകളിൽ നിന്ന് സർവ്വീസ് ഉണ്ടായിരിക്കുന്നതല്ല.
എംസി റോഡിൽ ഓർഡിനറി സർവീസുകൾ മരുതൂർ ജംഗ്ഷൻ വരെ സർവ്വീസ് നടത്തുന്നതാണ്. നെടുമങ്ങാട്, വെഞ്ഞാറമ്മൂട് ഡിപ്പോകൾ സംയുക്തമായി ഈ റൂട്ടിലുള്ള സർവീസുകൾ ആവശ്യാനുസരണം ക്രമീകരിക്കുന്നതാണ്. ആറ്റിങ്ങൽ തിരുവനന്തപുരം റൂട്ടിൽ കണിയാപുരം വരെ സർവ്വീസുകൾ നടത്തുന്നതാണ്. മലയിൻകീഴ് -പേയാട് റൂട്ടിൽ കുണ്ടമൺകടവ് വരെ സർവ്വീസ് നടത്തുന്നതാണ്. കൂടാതെ കാട്ടാക്കട, വെള്ളറട യൂണിറ്റുകൾ ഈ റൂട്ടിൽ യാത്രക്കാരുടെ ആവശ്യാർത്ഥം സർവ്വീസുകൾ ക്രമീകരിക്കുന്നതാണ്.
മലയിൻകീഴ് -പാപ്പനംകോട് റൂട്ടിൽ പാമാംകോട് വരെ യാത്രക്കാരുടെ തിരക്ക് അനുസരിച്ച് ആവശ്യമെങ്കിൽ കാട്ടാക്കട യൂണിറ്റിൽ നിന്ന് സർവ്വീസ് നടത്തുന്നതാണ്. തിരുവനന്തപുരം-കളിയിക്കാവിള റൂട്ടിൽ പ്രാവച്ചമ്പലം ജംഗ്ഷനിൽ എത്തി വലിയറത്തല റൂട്ടിലൂടെ തിരികെ പോകുന്ന വിധത്തിൽ സർവ്വീസുകൾ ക്രമീകരിക്കുന്നതാണ്. നെയ്യാറ്റിൻകര, പാറശ്ശാല യൂണിറ്റുകൾ സംയുക്തമായി ഈ റൂട്ടിലെ സർവ്വീസുകൾ ക്രമീകരിക്കുന്നതാണ്. വിഴിഞ്ഞം-പൂവാർ റൂട്ടിൽ ചപ്പാത്ത് വരെ മാത്രമേ സർവീസ് ഉണ്ടായിരിക്കൂ.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തിരുവനന്തപുരം നന്തൻകോടുള്ള ആസ്ഥാന ഓഫീസും കോർപ്പറേഷൻ പരിധിയിലുള്ള ദേവസ്വം ബോർഡിന്റെ മറ്റ് ഓഫീസുകളും നാളെ മുതൽ ഒരാഴ്ചത്തേക്ക് പ്രവർത്തിക്കുന്നതല്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ വാസു അറിയിച്ചു.