കൊച്ചി: സംസ്ഥാനത്ത് ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താന്‍ കഴിയാതെ അധികൃതരും ആശങ്കയിലായിരിക്കുകയാണ്. ഇതിനിടെ സമൂഹവ്യാപനത്തിന്റെ ഏറ്റവും സൂക്ഷ്മമായ ഘട്ടത്തിലേക്ക് നാം കടന്നുകഴിഞ്ഞുവെന്ന് വ്യക്തമാക്കുകയാണ് ഡോ പി ഗോപികുമാര്‍. ഒരു പ്രശസ്ത ഓണ്‍ലൈന്‍ മാധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രോഗലക്ഷണമില്ലാതെ തന്നെ കോവിഡ് 19 പടര്‍ത്താന്‍ കഴിയുന്നവര്‍ കേരളത്തിലുണ്ട്. സമൂഹവ്യാപനത്തിന്റെ ഏറ്റവും സൂക്ഷ്മമായ ഘട്ടത്തിലേക്കു നാം കടന്നുകഴിഞ്ഞു. കോവിഡ് സ്ഥിരീകരിച്ച നൂറോളം പേരിലെങ്കിലും, എവിടെനിന്നു രോഗം പടര്‍ന്നു എന്നറിയാത്ത സ്ഥിതിയുണ്ട്. എല്ലാ ജില്ലകളിലുമുണ്ട് ഇങ്ങനെയുള്ളവരെന്നും ഗോപികുമാര്‍ ചൂണ്ടിക്കാട്ടുന്നു.
സമൂഹവ്യാപനത്തിന്റെ ഘട്ടത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് പരിശോധന കൂട്ടുക എന്നതിലാണ്. രോഗം വരുന്നവരെയെല്ലാം തിരിച്ചറിയാന്‍ കഴിയണം. രോഗലക്ഷണമുണ്ടോ എന്ന പരിഗണന കൂടാതെ തന്നെ ടെസ്റ്റുകള്‍ നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
സമൂഹവ്യാപനത്തിന്റെ സൂചന വ്യക്തമാക്കി മുഖ്യമന്ത്രിക്ക് ഐഎംഎ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) നല്‍കിയ കത്തില്‍ 3 കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളില്‍നിന്നു വന്ന രോഗലക്ഷണമില്ലാത്തവരിലും പരിശോധന നടത്തുമ്പോള്‍ കോവിഡ് സ്ഥിരീകരിക്കുന്നു.
കോവിഡ് രോഗികളുമായി നേരിട്ടു ബന്ധപ്പെടാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കു രോഗം സ്ഥിരീകരിക്കുന്നു, കേരളത്തില്‍നിന്ന് ഇതര സംസ്ഥാനങ്ങളിലേക്കു പോയ അന്നാട്ടുകാരില്‍ കോവിഡ് സ്ഥിരീകരിക്കുന്നു. എന്നിവയാണത്. ഇപ്പോഴും രോഗലക്ഷണമുള്ളവര്‍ക്കായുള്ള പരിശോധനയാണു കൂടുതല്‍ നടക്കുന്നത്.
അതിനാല്‍, നമ്മുടെ ടെസ്റ്റുകളുടെ എണ്ണം വളരെ കുറവും സമൂഹത്തിലെ വലിയൊരു വിഭാഗത്തെ പുറത്തുനിര്‍ത്തിയുള്ളതുമാണ്. ഇപ്പോള്‍ ദിനംപ്രതി ഇരുനൂറിലേറെ രോഗികള്‍ എന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു. പത്തുപേരില്‍നിന്നു പടരുന്നതു പോലെയല്ല, 200 പേരില്‍നിന്നു രോഗം പടരാനുള്ള സാധ്യതയെന്നത് നാം ഗൗരവമായി എടുക്കണം.
സമൂഹവ്യാപനമുണ്ടെന്നതിന്റെ മറ്റൊരു തെളിവാണ് കേരളത്തില്‍നിന്നു മറ്റു സംസ്ഥാനങ്ങളിലേക്കു പോകുന്നവരെ പരിശോധിക്കുമ്പോള്‍ അവര്‍ക്കു കോവിഡ് സ്ഥിരീകരിച്ച സംഭവങ്ങള്‍. ഐഎംഎ ആദ്യമായല്ല സമൂഹവ്യാപന സാധ്യതയെക്കുറിച്ചു സര്‍ക്കാരിനെ ബോധിപ്പിക്കുന്നത്.
പുറംനാടുകളില്‍നിന്ന് എത്തുന്നവരെ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കണമെന്നാണ് ഐഎംഎ നിര്‍ദേശിച്ചത്. അതുതന്നെയാണു ഫലപ്രദമായ മാര്‍ഗം. എന്നാല്‍, സര്‍ക്കാര്‍ ഹോം ക്വാറന്റീനാണു പലര്‍ക്കും നിര്‍ദേശിച്ചത്. അറിഞ്ഞോ അറിയാതെയോ ഇവരില്‍നിന്നു രോഗം പടര്‍ന്നിട്ടുണ്ടെന്ന് ഇപ്പോഴത്തെ സ്ഥിതിഗതിയില്‍നിന്നു വ്യക്തമെന്നും ഡോ ഗോപികുമാര്‍ പറയുന്നു.
Discussion about this post