തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തി. നാളെ രാവിലെ മുതല്‍ ഒരാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക് ഡൗണ്‍. തിരുവനന്തപുരത്ത് സമൂഹ വ്യാപന ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
ഒരാഴ്ചത്തേക്ക് തിരുവനന്തപുരം ജില്ലയിലെ കോടതികളില്‍ കേസുകള്‍ പരിഗണിക്കില്ല. ജാമ്യം ഉള്‍പ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ ഓണ്‍ലൈന്‍ വഴിയാവും പരിഗണിക്കുക. അടുത്ത ഏഴ് ദിവസം സെക്രട്ടറിയേറ്റ് പ്രവര്‍ത്തിക്കില്ല. പൊതു ഗതാഗതം ഉണ്ടാവില്ല. അതെസമയം മെഡിക്കല്‍ ഷോപ്പും, അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കും.
പോലീസ് ആസ്ഥാനവും പ്രവര്‍ത്തിക്കും. എല്ലാ ആശുപത്രികള്‍ പ്രവര്‍ത്തിക്കും. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആളുകള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന് ഡിജിപി അറിയിച്ചു. തുറക്കുന്ന കടകളില്‍ ജനങ്ങള്‍ക്ക് പോകാന്‍ കഴിയില്ല. അവശ്യ സാധനങ്ങള്‍ വേണ്ടവര്‍ പോലീസിനെ അറിയിച്ചാല്‍ വീട്ടിലെത്തിക്കും. പോലീസ് സേവനത്തിന് ഒരു നമ്പര്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ സ്റ്റോറില്‍ പോകണമെങ്കില്‍ കൃത്യമായ സത്യവാങ് മൂലം വേണമെന്ന് ഡിജിപി അറിയിച്ചു.
തലസ്ഥാനത്ത് സാമൂഹിക വ്യാപന സാധ്യത തള്ളിക്കളയാനാകില്ലെന്ന് മന്ത്രി കടകംപളളി സുരേന്ദ്രനും തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാറും പറഞ്ഞു. സ്ഥിതി ആശങ്കാജനകമാണ്. കൂടുതല്‍ നിയന്ത്രണങ്ങളെ കുറിച്ച് ആലോചിക്കുമെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയായിരുന്നു രോഗം പകര്‍ന്നത്. കൂടാതെ ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍ക്ക് യാത്ര പശ്ചാത്തലവും ഉണ്ടായിരുന്നില്ല.
Discussion about this post