കൊച്ചി: ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കൊച്ചി ലുലുമാള്‍ അധികൃതര്‍. ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന വാര്‍ത്ത വ്യാജമാണെന്നും സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിശോധിച്ചതിനു ശേഷമാണ് ആളുകളെ മാളിനുള്ളില്‍ പ്രവേശിപ്പിക്കുന്നതെന്നും ലുലുമാള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ലുലു മാളിലെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്നും രണ്ട് ദിവസത്തിനുള്ളില്‍ മാള്‍ സന്ദര്‍ശിച്ചവര്‍ ക്വാറന്റീനില്‍ പോകണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചതായാണ് വ്യാജവാര്‍ത്ത പ്രചരിച്ചത്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചിട്ടുണ്ട്.
‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി തെറ്റായ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്ന് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. ലുലു ജീവനക്കാര്‍ കൊവിഡ് 19 പോസിറ്റീവ് ആയിത്തീര്‍ന്നിരിക്കുന്നുവെന്നും ഞങ്ങളുടെ ഉപഭോക്താക്കളെ ക്വാറന്റീന് ചെയ്തിട്ടുണ്ടെന്നും ഈ വാര്‍ത്തകളില്‍ പറയുന്നു. ഈ വാര്‍ത്തകള്‍ തീര്‍ത്തും തെറ്റാണെന്നും ക്ഷുദ്രകരമായ ഉദ്ദേശ്യത്തോടെയാണ് പ്രചരിപ്പിക്കുന്നതെന്നും ദയവായി ശ്രദ്ധിക്കുക.
ഞങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ലോകോത്തര ശുചിത്വ പ്രോട്ടോക്കോളുകള്‍ ലുലുമാള്‍ പിന്തുടരുന്നു. പരിഭ്രാന്തി സൃഷ്ടിക്കുന്നതിനായി മാത്രം പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്ക് ഇരയാകരുതെന്നും ഞങ്ങളുടെ ഔദ്യോഗിക ചാനലുകളില്‍ നിന്ന് വരാത്ത വാര്‍ത്താ ലേഖനങ്ങളെ വിശ്വസിക്കുകയോ പങ്കിടുകയോ ചെയ്യരുതെന്ന് ഞങ്ങളുടെ എല്ലാ ഉപഭോക്താക്കളോടും അഭ്യര്‍ത്ഥിക്കുന്നു.
ഇത്തരത്തില്‍ രോഗ സ്ഥീരീകരണം വന്നാല്‍ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ലുലുമാള്‍ അധികൃതരും പ്രമുഖ വാര്‍ത്ത ദൃശ്യ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിക്കുന്നതാണ്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ലുലു മാനേജ്മെന്റ് നിയമ നടപടികള്‍ സ്വീകരിക്കും.’- ലുലു ഗ്രൂപ്പിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു
Discussion about this post