ആലത്തൂര്‍: ശരീരത്തിന് ബലം നഷ്ടപ്പെട്ടാലും മനസിന് ബലമുണ്ടെങ്കില്‍ ലോകം തന്നെ കീഴടക്കാം. നമുക്ക് മുന്നില്‍ നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. ഇതാ ഈ 53കാരന്റെ കഥയാണ് ഇന്ന് എല്ലാവരും ചര്‍ച്ചചെയ്യുന്നത്. വലതുകൈ നഷ്ടമായപ്പോള്‍ മനസ്സില്‍ പരന്ന ഇരുട്ട് ഇദ്ദേഹത്തെ തളര്‍ത്തിയില്ല. പകരം ഇച്ഛാശക്തി കൊണ്ട് തന്റെ ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കുകയാണ് പാലക്കാട് ആലത്തൂര്‍ കാട്ടുശ്ശേരി നരിയംപറമ്പ് ഗോവിന്ദന്‍ കുട്ടി.
തളരുന്നവന്റേതല്ല പൊരുതുന്നവന്റേതാണു ലോകമെന്ന് തെളിയിക്കുന്നു ഈ ജീവിതം. ഇടതുകൈകൊണ്ടു വിറകു വെട്ടി ഉപജീവനം നടത്തി ജീവിതം ആഘോഷമാക്കുന്നു. മാത്രമല്ല തന്നേപോലുള്ള ഭിന്നഷേഷിക്കാര്‍ക്ക് ഇദ്ദേഹം പ്രചോദനമാണ്. 1999 മുതല്‍ 2015 വരെ തുടര്‍ച്ചയായി ലോക ഭിന്നശേഷി ദിനത്തില്‍ നടത്തുന്ന ജില്ലാ കായിക മേളയില്‍ ഷോട്പുട്ടില്‍ ഒന്നാം സ്ഥാനക്കാരന്‍ ഗോവിന്ദന്‍കുട്ടിയായിരുന്നു. പിന്നീടു മല്‍സര രംഗത്തുനിന്നു മാറി.
ഗോവിന്ദന്‍കുട്ടി എന്ന മാഹാനായ വ്യക്തി നാട്ടുകാരുടെ പ്രിയപ്പെട്ടവനാണ്. 1996ല്‍ തിരുപ്പൂരിലുണ്ടായ ട്രെയിന്‍ അപകടത്തിലാണു വലതു കൈ നഷ്ടമായത്. രണ്ടു മാസത്തോളം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ആശുപത്രിവാസത്തിനിടെ കൈ മുറിച്ചുനീക്കണമെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ ആദ്യം മനസ്സു ഒന്നു പിടഞ്ഞു. ഡോക്ടറുടെ ഉപദേശങ്ങളൊന്നും സമാധാനം പകര്‍ന്നില്ല. ഒടുവില്‍ മനസ്സിനെ വശപ്പെടുത്തി പണിയെടുക്കാന്‍ തുടങ്ങി. 500 കിലോ വിറക് ഒരു ദിവസം വെട്ടിത്തീര്‍ക്കും. മൂന്നു സെന്റ് സ്ഥലത്തെ വീട്ടില്‍ തനിച്ചാണു താമസം. ഷോട്പുട്ടില്‍ സജീവമായിരുന്ന കാലത്തു പരിശീലനത്തിനും സമയം കണ്ടെത്തിയിരുന്നു.