ശബരിമല വരുമാനത്തില്‍ വന്‍ കുറവ്..! മുന്‍ വര്‍ഷത്തേക്കാള്‍ 31 കോടി രൂപ കുറവ്; ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് ദേവസ്വം മന്ത്രി

സന്നിധാനം: മണ്ഡലകാലത്തെ ശബരിമല വരുമാനത്തില്‍ വന്‍ കുറവുള്ളതായി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 31 കോടികുറവാണ് കാണുന്നത്. തീര്‍ത്ഥാടകരുടെ മന്‍ തോതിലുള്ള കുറവാണ് വരുമാനത്തെ ബാധിച്ചത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അമ്പതരക്കോടിയെന്നത് ഇത്തവണ പത്തൊമ്പത് കോടിയായി ചുരുങ്ങി.

കഴിഞ്ഞ കണക്കുകള്‍ പ്രകാരം അമ്പത് കോടി അമ്പത്തി ഏഴ് ലക്ഷത്തി അറുപത്തി ഒമ്പതിനായിരത്തി അറുന്നൂറ്റി തൊണ്ണൂറ് രൂപയെന്നത് ഇത്തവണ പത്തൊമ്പത് കോടി മുപ്പത്തി ഏഴ് ലക്ഷത്തി നാല്‍പ്പത്തി ഒന്നായിരത്തി മുന്നൂറ്റ് പതിനെട്ട് രൂപയായി കുറഞ്ഞു. എട്ട് കോടിയുടെ കുറവാണ് കാണിക്കയിനത്തിലുള്ളത്. ഇരുപത്തി ഒന്ന് കോടി തൊണ്ണൂറ്റി നാല് ലക്ഷത്തിലധികം രൂപയുടെ അരവണ വില്‍പന ഇത്തവണ ഏഴ് കോടി ഇരുപത്തി മൂന്ന് ലക്ഷമായി.

അപ്പം വില്‍പനയില്‍ രണ്ടേകാല്‍ കോടിയുടെ വ്യത്യാസമുണ്ട്. അഭിഷേക ടിക്കറ്റിനത്തില്‍ നാല്‍പ്പത്തി ഒന്ന് ലക്ഷത്തിലധികം കിട്ടിയത് ഇരുപത് ലക്ഷമായി ചുരുങ്ങി. അന്നദാന സംഭാവന നാല്‍പത് ലക്ഷമെന്നത് പതിനെട്ട് ലക്ഷമായി കുറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ പ്രസിദ്ധീകരണങ്ങള്‍ വിറ്റതില്‍ അധികമായി കിട്ടിയ നാല് ലക്ഷമാണ് വരുമാനക്കൂടുതലിന്റെ പട്ടികയില്‍ ആകെയുള്ളത്.

എന്നാല്‍ വരുമാനക്കുറവ് ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് ദേവസ്വം മന്ത്രിയുള്‍പ്പെടെ വ്യക്തമാക്കിയത്. എന്നാല്‍ ഈ സ്ഥിതി തുടര്‍ന്നാല്‍ ഗുരുതര പ്രതിസന്ധിക്കിടയാക്കുമെന്നാണ് സൂചന.

Exit mobile version