പത്തനംതിട്ട: അബുദാബിയിൽ നിന്നെത്തി റാന്നിയിൽ കൊവിഡ്19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. ഇടക്കുളം പുത്തൻവീട്ടിൽ സിനു(46) ആണ് മരിച്ചത്. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം ജൂൺ 30നാണ് ഇയാൾ അബുദാബിയിൽ നിന്നും നാട്ടിലെത്തിയത്.
സിനു ഏറെക്കാലമായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് വിവരം. ശനിയാഴ്ച രാത്രിയോടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സ്രവ സാംപിളുകൾ കോഴഞ്ചേരി റീജിണൽ ലാബിലേക്ക് കൊവിഡ് പരിശോധനയ്ക്കയച്ചു. നാളെ കൊവിഡ്പരിശോധന ഫലം ലഭിക്കും.
പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ കോട്ടയം പൂവന്തുരുത്തിലും കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ കുഴഞ്ഞുവീണ് മരിച്ചിരുന്നു. പൂവന്തുരുത്ത് സ്വദേശി മധു(45)ആണ് മരിച്ചത്. ജൂൺ 26ന് ദുബായിൽനിന്നെത്തിയ ഇദ്ദേഹം വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു.
Discussion about this post