കൊച്ചി: രാജ്യത്ത് കോവിഡിനെ തോല്‍പ്പിക്കാനുള്ള ഗവേഷണങ്ങള്‍ ഇപ്പോഴും ഊര്‍ജ്ജിതമായി നടന്നു കൊണ്ടിരിക്കുകയാണ്. ദിവസം കഴിയും തോറും നമ്മുടെ അറിവും നമ്മുടെ കയ്യിലുള്ള ആയുധങ്ങളും വിശാലമായിക്കൊണ്ടിരിക്കുന്നുവെന്നും അതിനാല്‍ ഇന്ന് കോവിഡ് കിട്ടുന്നതിനേക്കാള്‍ നല്ലതായിരിക്കും നാളെ കിട്ടുന്നതെന്ന് വ്യക്തമാക്കുകയാണ് ഡോ. വികെ ഷമീര്‍.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘കോവിഡ് ഒരു അനിവാര്യമായ വിധി ആണെങ്കില്‍ നെഞ്ചും വിരിച്ചു പോയി നേരിട്ടു കൂടെ? അതല്ലേ ഹീറോയിസം? എത്രയും നേരത്തെ കോവിഡ് കിട്ടിയാല്‍ ആ ടെന്‍ഷന്‍ കഴിഞ്ഞു, ഇനി ഇന്ന് വരുമോ നാളെ വരുമോ എന്നാലോചിച്ചു ടെന്‍ഷന്‍ അടിക്കേണ്ട, ഫ്രീ ആയില്ലേ’- എന്നാണ് ഇന്ന് കേരളത്തില്‍ കേള്‍ക്കുന്ന ചില വര്‍ത്തമാനങ്ങളെന്ന് അദ്ദേഹം പറയുന്നു.
എന്നാല്‍ എത്രയും വൈകി കോവിഡ് പിടിപെടുന്നോ അതാണ് നല്ലതെന്ന് ഡോക്ടര്‍ വ്യക്തമാക്കുന്നു. ഏതു രോഗം ആയാലും അതിന്റെ തുടക്കകാലത്ത് ഉണ്ടാക്കുന്ന അപകടം കാലം കഴിയും തോറും കുറഞ്ഞു വരും എന്നതാണ് നമ്മെ ചരിത്രം പഠിപ്പിക്കുന്നതെന്നും അതാണ് ശാസ്ത്രത്തിന്റെ ഒരു ഏര്‍പ്പാടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഉദാഹരണത്തിന് HIV എടുക്കാം. 1980 കളില്‍ HIV എന്നാല്‍ മരണമായിരുന്നു. പിന്നീട് ആയുസ്സ് നീട്ടി കൊടുക്കല്‍ ആയി. ഇപ്പോള്‍ അത് രോഗിക്ക് ഏതാണ്ട് നോര്‍മല്‍ ജീവിതം എന്ന പോലെ ആയി. മലമ്പനി ആയാലും കോളറയായാലും ക്ഷയമായാലും കുഷ്ഠമായാലും ഇതു തന്നെയായിരുന്നു അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശാസ്ത്രം തല പുകയ്ക്കുന്നതിന് അനുസരിച്ചു രോഗത്തിന് കാഠിന്യം കുറഞ്ഞു വരികയും പലപ്പോഴും രോഗം ഒരു പ്രശ്നമേ അല്ലാതെ മാറുകയും ചെയ്യുന്നത് നിത്യ കാഴ്ചയാണ്. അതിന്റെ ചിഹ്നങ്ങള്‍ കോവിഡിലും കണ്ടു തുടങ്ങിയിട്ടുണ്ട് എന്നതാണ് കോഴിക്കോട്ടെ അനുഭവം. മൂന്നു മാസം മുന്‍പ് കോവിഡ് ന്യൂമോണിയ വന്നവര്‍ക്ക് ഐ സി യൂ വില്‍ കൊടുത്ത ചികിത്സ പോലെ അല്ല ഇപ്പോള്‍ കൊടുക്കുന്നതെന്നും ഡോ ഷമീര്‍ കൂ്ട്ടിച്ചേര്‍ത്തു.
ഒരു വൈറസ് ഉണ്ടാക്കുന്ന തകരാറുകള്‍ക്ക് അപ്പുറം, രക്തക്കുഴലുകളെ ബാധിച്ച് രക്തപ്രവാഹം കുറച്ചാണ് പല അവയവങ്ങളും നശിപ്പിക്കുന്നത് എന്ന് നമുക്ക് അന്നറിയില്ല. എന്നാല്‍ ഇന്ന് ആ ഘടകങ്ങള്‍ പരിശോധിച്ചറിയാന്‍ ഉള്ള ടെസ്റ്റുകള്‍ (D dimer പോലത്തെ) കോവിഡ് ന്യൂമോണിയയില്‍ സ്ഥിരമായി ചെയ്തു തുടങ്ങി.
ഫലങ്ങള്‍ക്ക് അനുസരിച്ചു രക്തത്തിലെ ക്ലോട്ട് അലിയിക്കുന്ന ഹെപ്പാരിന്‍ പോലത്തെ മരുന്നുകളും ഉപയോഗിച്ച് തുടങ്ങി. രക്തത്തിലെ ഓക്സിജന്റെ അളവ് വളരെ കുറഞ്ഞു നില്‍ക്കുമ്പോഴും രോഗിക്ക് വളരെ ആക്റ്റീവ് ആയി നില്ക്കാന് കഴിയുന്നു എന്നത് കോവിഡ് ന്യൂമോണിയയുടെ മറ്റൊരു പ്രത്യേകത.
Happy Hypoxia എന്നാണ് അതിനെ ലോക വ്യാപകമായി വിളിച്ചു പോരുന്നത്. നമ്മുടെ ഐസിയൂ വില്‍ അഡ്മിറ്റ് ആയ പല ആളുകളും ഓക്സിജന്റെ അളവ് 90 ഇല് താഴെ ഉള്ളപ്പോഴും വളരെ ഉന്മേഷത്തോടെ സംസാരിക്കുന്നതും വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതും കാണാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതുകൊണ്ടുതന്നെ ഓക്സിജന്‍ നോര്‍മല്‍ ആക്കാന്‍ ഉള്ള പരമ്പരാഗത ചികിത്സകളില്‍ കോവിഡ് ന്യൂമോണിയയുടെ കാര്യത്തില്‍ മാറ്റം വേണമെന്ന ചിന്ത സ്വീകരിച്ചു തുടങ്ങി. ഓക്സിജന്‍ കൊടുത്തു കൊണ്ടിരിക്കുന്ന രോഗിയുടെ പൊസിഷന്‍ പല രീതിയിലും മാറ്റുക (സാധാരണ മലര്‍ത്തി കിടക്കുന്നതില്‍ നിന്ന് കമഴ്ത്തിയും മറ്റും) എന്നത് മുന്‍പ് വളരെ അപൂര്‍വമായി മാത്രം ഉപയോഗിച്ചിരുന്ന ഒരു മാര്‍ഗം ആയിരുന്നു.
പത്തോ പതിനഞ്ചോ കൊല്ലം മുന്‍പ് കമഴ്ത്തി കിടത്തി ഓക്സിജന്‍ കൊടുക്കുക എന്നത് ഭാവനയില്‍ പോലും കാണാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ കോവിഡില്‍ അതും ഒരു സാധാരണ കാര്യം ആയി മാറി. നേരിട്ട് വെന്റിലേറ്റര്‍ ചികിത്സയിലേക്ക് പോകുന്നതിനു മുന്‍പ് മിനുട്ടില്‍ വളരെ കൂടുതല്‍ അളവില്‍ ഓക്സിജന്‍ നല്കാന് കഴിയുന്ന HFNC പോലത്തെ സംവിധാനങ്ങള്‍ ഉപയോഗിച്ചു തുടങ്ങി. ഇവരില്‍ പലര്‍ക്കും വെന്റിലേറ്റര്‍ സഹായം വേണ്ടി വന്നില്ലെന്നും ഡോക്ടര്‍ ഷമീര്‍ പറയുന്നു.
Discussion about this post