കൊച്ചി: സംസ്ഥാനത്ത് നാവികസേനയുടെ യൂണിഫോമും സൈനിക ചിഹ്നങ്ങളും ധരിച്ച് സൈനിക ഉദ്യോഗസ്ഥരായി ചമഞ്ഞുനടക്കുന്നവരെ പിടികൂടുന്നത് പതിവായതോടെ നിർദേശങ്ങളമായി നാവിക സേന രംഗത്ത്. യൂണിഫോമുകളുടേയും ബാഡ്ജുകളുടേയും അനധികൃത വിൽപന തടയാൻ കേരള സർക്കാരിനോട് ആവശ്യപ്പെടുമെന്ന് നാവികസേന അറിയിച്ചു.
സൈനിക ഉദ്യോഗസ്ഥരായി ചമയുന്നത് ഗുരുതര കുറ്റകൃത്യമാണെന്നും രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയായതിനാൽ ഇത്തരം പ്രവൃത്തികൾ തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും നാവികസേന വാർത്താക്കുറിപ്പിൽ പറയുന്നു. ഗുജറാത്ത്, ശ്രീനഗർ, പഞ്ചാബ് സർക്കാരുകൾ ക്രിമിനൽ നിയമമനുസരിച്ച് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയതായും വാർത്താക്കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്.
നാവികസേനയിലെ ലെഫ്റ്റനന്റായി ചമഞ്ഞ് കൊച്ചിയിൽ യുവാവ് അറസ്റ്റിലായതോടെയാണ് നാവികസേന വാർത്താക്കുറിപ്പ് ഇറക്കിയത്. പശ്ചിമബംഗാൾ സ്വദേശിയായ രാജ്‌നാഥ് എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാൾ നാവികസേനയുടെ യൂണിഫോം ധരിച്ച് വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്യുകയും ടിക് ടോക് വീഡിയോകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. 2019 ഒക്ടോബറിൽ തേവരയിലെത്തിയ രാജ്‌നാഥിന് കൊച്ചിയിൽ നിന്നാണ് യൂണിഫോം തുന്നി ലഭിച്ചത്. നിബിത് ഡാനിയേൽ എന്നാണ് ഇയാളുടെ ശരിക്കുള്ള പേരെന്നും കണ്ടെത്തിയിട്ടുണ്ട്.