മാസ്‌ക്, സാനിറ്റൈസര്‍, ആറടി അകലം നിര്‍ബന്ധം; അനുമതിയില്ലാതെ ധര്‍ണയും സമരവും പാടില്ല; നിലപാട് കടുപ്പിച്ച് മുന്നോട്ട്, പകര്‍ച്ചവ്യാധി നിയമഭേദഗതി ഇങ്ങനെ

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. ഇത് പ്രകാരം പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും വാഹനയാത്രയിലും മൂക്കും വായും മൂടുന്ന തരത്തില്‍ മാസ്‌ക് ധരിക്കണമെന്ന് നിയമഭേദഗതിയില്‍ പറയുന്നു.

ഇതിനു പുറമെ, രേഖാമൂലമുള്ള മുന്‍കൂര്‍ അനുമതിയില്ലാതെ ധര്‍ണ, സമരം, ഘോഷയാത്ര, സമ്മേളനം, മറ്റു കൂടിച്ചേരലുകള്‍ എന്നിവ പാടില്ല. ഇത്തരം യോഗങ്ങള്‍ക്ക് പരമാവധി പത്തുപേരില്‍ കൂടാന്‍ പാടില്ല. വിവാഹച്ചടങ്ങുകളില്‍ ഒരേസമയത്ത് പരമാവധി 50 പേര്‍. മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍. മുഖാവരണം, സാനിറ്റൈസര്‍, ആറടി അകലം എന്നിവ നിര്‍ബന്ധമാണെന്നും ഭേദഗതിയില്‍ വ്യക്തമാക്കുന്നു.

വാണിജ്യസ്ഥാപനങ്ങളില്‍ ഒരുസമയത്ത് പരമാവധി 20 പേരില്‍ കൂടാന്‍ പാടില്ല. പൊതുസ്ഥലത്തോ റോഡിലോ ഫുട്പാത്തിലോ തുപ്പരുത്. മറ്റു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുംനിന്ന് എത്തുന്നവര്‍ ഇ-ജാഗ്രതയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണം. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Exit mobile version