കൊച്ചി: എറണാകുളത്ത് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് ജില്ലയില്‍ ആറ് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ആകെ ഇന്ന് 13 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ആറ് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗ ഉറവിടം അറിയാത്ത പശ്ചാത്തലത്തില്‍ ജില്ലയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതെസമയം രോഗികളുടെ എണ്ണം കൂടിയാല്‍ ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു.
പാലാരിവട്ടത്തുള്ള എല്‍ഐസി ഏജന്റ്, തൃക്കാക്കരയിലെ ഒരു വീട്ടമ്മ, ആലുവയിലെ ഓട്ടോ ഡ്രൈവര്‍, പറവൂറിലെ സെമിനാരി വിദ്യാര്‍ത്ഥി, കടവന്ത്ര സ്വദേശിയായ നേവിയിലെ ഒരു ഉദ്യോഗസ്ഥന്, കൊച്ചി കോര്പ്പറേഷന് പരിധിയിലെ ഒരു ആക്രി കച്ചവടക്കാരന് എന്നിവര്‍ക്കാണ് എറണാകുളം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇവരില്‍ നിന്നുള്ള പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ നിരവധി പേരുണ്ട്.
അതേസമയം, ജില്ലയില്‍ നാളെ പുലര്‍ച്ചെ മുതല്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തുമെന്ന് ഐജി വിജയ് സാക്കറെ അറിയിച്ചു. അമ്പത് എസ്ഐമാരുടെ നേതൃത്വത്തിലാണ് ജില്ലയില്‍ വ്യാപകമായി പരിശോധന നടത്തുക. കൊവിഡ് രോഗികളുടെ എണ്ണം കൂടിയാല്‍ എറണാകുളം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും വിജയ് സാക്കറെ അറിയിച്ചു. കൊച്ചി നഗരത്തിലടക്കം ഉറവിടമറിയാത്ത രോഗികളുണ്ട്. ജില്ലയില്‍ ഇന്ന് രണ്ട് ഹോട്ട്സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. പിറവം വാര്‍ഡ് 17, പൈങ്ങോട്ടൂര്‍ 5 എന്നിവയാണ് ഹോട്ട്സ്പോട്ടുകളാക്കിയത്.
Discussion about this post