കൊച്ചി: എറണാകുളത്ത് സാമൂഹിക അകലം ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ പാലിക്കാതെയാണ് വ്യാപാരം നടക്കുന്നതെന്ന പരാതി ശക്തമായതോടെ ചമ്പക്കര മാർക്കറ്റിൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. പുലർച്ചയോടെയാണ് ചന്തയിലേക്ക് ഉദ്യോഗസ്ഥർ അപ്രതീക്ഷിതമായി പരിശോധനയ്ക്കായി എത്തിയത്.
സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് കോർപ്പറേഷൻ സെക്രട്ടറി, ഡിസിപി പൂങ്കുഴലി അടക്കമുള്ളവരുടെ നേതൃത്വത്തിൽ മാർക്കറ്റിൽ പരിശോധന നടത്തിയത്. മാസ്ക് ധരിക്കാതെ എത്തിയവരെയും സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തിയവരെയും കസ്റ്റഡിയിൽ എടുത്തു.
സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തുന്നത് തുടർന്നാൽ മാർക്കറ്റ് അടയ്ക്കേണ്ടി വരുമെന്നും നിയന്ത്രണം പാലിക്കാതെ കച്ചവടം തുടർന്നാൽ കടകളുടെ ലൈസൻസ് റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു. എറണാകുളത്ത് രോഗവ്യാപനം വർധിച്ചതോടെയാണ് കർശന നടപടികളുമായി ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും രംഗത്തെത്തിയത്.
കഴിഞ്ഞദിവസം ചെല്ലാനം ഹാർബറും ഒരു സ്വകാര്യ ആശുപത്രിയും അടച്ചിട്ടിരുന്നു. കൊവിഡ് രോഗി എത്തിയതിനെ തുടർന്നാണ് ആശുപത്രി അടച്ചിട്ടത്. എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർമാരടക്കം 72ഓളം പേരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു. ഇതിനിടെ കൊച്ചി ബ്രോഡ് വേയിലെ കച്ചവടക്കാരനിലൂടെ നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചതും രോഗവ്യാപന തോത് വർധിപ്പിക്കുന്നതിന് കാരണമായി.
കൊച്ചിയിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ വ്യാപാര കേന്ദ്രങ്ങൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് കൊച്ചി മേയർ സൗമിനി ജെയിനും അറിയിച്ചു.
Discussion about this post