കല്പറ്റ: വയനാട്ടിലെ ഏക മെഡിക്കല്‍ കോളേജായ മേപ്പാടിയിലെ ഡിഎം വിംസ് മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കാനൊരുങ്ങുന്നു. ഡിഎം എഡ്യൂക്കേഷണല്‍ റിസേര്‍ച് ഫൗണ്ടേഷന്റെ മാനേജിങ് ട്രസ്റ്റി ഡോക്ടര്‍ ആസാദ് മൂപ്പന് തങ്ങളുടെ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു സര്‍ക്കാരിന് അപേക്ഷ നല്കിയിരുന്നതിന്റെ അടിസ്ഥാനത്തിലാണിത്.
സ്ഥാപനത്തിന് നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്തൊക്കെ എന്നത് സംബന്ധിച്ച് പഠിച്ചു റിപ്പോര്‍ട്ട് നല്കാന് സര്‍ക്കാര്‍ ഏഴംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ്. ഡിഎം വിംസ് മെഡിക്കല്‍ കോളേജിന്റെ നിലവിലുള്ള ആസ്തി സംബന്ധിച്ചും, രേഖകള്‍ പരിശോധിക്കാനും, തിരുവനന്തപുരം വഞ്ചിയൂരിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്എസ് സുരേഷ്ബാബുവിനെയാണ് ചുമതലപെടുത്തിയിട്ടുള്ളത്.
മൂന്നാഴ്ചയ്ക്കകം ആണ് ഏഴംഗ സമിതി റിപ്പോര്‍ട്ട് നല്‍കേണ്ടത്. മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും കൈമാറുന്നതിനുള്ള സന്നദ്ധത ഡിഎം എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന് ട്രസ്റ്റി ഡോ.ആസാദ് മൂപ്പന് ജൂണ്‍ അഞ്ചിനു രേഖാമൂലം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് പഠനത്തിനു സമിതി രൂപീകരിച്ചും ആസ്തികളുടെ മൂല്യം കണക്കാക്കുന്നതിനു ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ നിയോഗിച്ചും വ്യാഴാഴ്ച സര്‍ക്കാര്‍ ഉത്തരവാകുന്നത്.
തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജിലെ പ്രൊഫ.ഡോ.വിശ്വനാഥന്റെ നേതൃത്വത്തിലുള്ളതാണ് പഠന സമിതി. തിരുവനന്തപുരം ജിഎംസിയിലെ അസിസ്റ്റന്റ് പ്രൊഫ.ഡോ.സജീഷ്, അസോസിയറ്റ് പ്ര പ്രൊഫ.ഡോ.കെ.ജി.കൃഷ്ണ കുമാര്‍,കെ. എം.എ.എസ്.എല്‍ ഡപ്യൂട്ടി മാനേജര്‍ നരേന്ദ്രനാഥന്‍, കൊല്ലം ഗവ.മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രോഫസര്‍ ഡോ.അന്‍സാര്‍, എന്‍.എച്ച്.എം ചീഫ് എന്‍ജിനിയര്‍ സി.ജെ.അനില, മെഡിക്കല്‍ എജ്യുക്കേഷന്‍ ടെക്നിക്കല്‍ കമ്മിറ്റി ചെയര്മാന് കെ.ശ്രീകണ്ഠന് നായര്‍, എന്നിവര്‍ ആണ് സമിതി അംഗങ്ങള്‍.
സംസ്ഥാനത്തെ പിന്നാക്ക-ആദിവാസി മേഖലയില്‍ പ്രവര്‍ത്തനം തുടങ്ങിയ പ്രഥമ സ്വകാര്യ മെഡിക്കല്‍ കോളേജ് എന്ന പ്രത്യേകത കൂടി ഈ വിദ്യാഭ്യാസ സ്ഥാപനത്തിനുണ്ട്. അരപ്പറ്റ നസീറ നഗറില്‍ 50 ഏക്കര്‍ വളപ്പിലാണ് ഡിഎം വിംസ് മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നത്. മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചു 700 ഓളം കിടക്ക സൗകര്യമുള്ള ആശുപത്രി,ഫാര്‍മസി കോളേജ്, നഴ്സിംഗ് കോളേജ്, ആസ്റ്റര്‍ സ്പെഷാലിറ്റി ആശുപത്രി എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.
2012 ജൂലൈ 25നാണ് മെഡിക്കല്‍ കോളേജിന്റെ ഭാഗമായി ആശുപത്രി പ്രവര്‍ത്തനമാരംഭിക്കുന്നത്. 2013ലായിരുന്നു ആദ്യ ബാച്ച് എം.ബി.ബി.എസ് പ്രവേശനം. 215 ഡോക്ടര്‍മാരും 1678 ജീവനക്കാരും ആണ് നിലവില്‍ സ്ഥാപനത്തിലുള്ളത്.
Discussion about this post