കൊച്ചി: മഹാരാഷ്ട്ര സ്വദേശികളായ ചന്ദ്രശേഖര്‍ മൊഹിതെയും ഭാര്യ ഗായത്രിയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനം കൊച്ചിയിലായിരിക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. കുഞ്ഞ് മസ്കറ്റില്‍ ജനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇരുവരും, എന്നാല്‍ കോവിഡ് എല്ലാ പ്രതീക്ഷയും തെറ്റിച്ചു. അങ്ങനെ കുഞ്ഞ് ആരാധ്യ കൊച്ചിയില്‍ ജനിച്ചു.
മസ്കറ്റിലെ നിര്‍മാണക്കമ്പനിയില്‍ സിവില്‍ ഡ്രാഫ്റ്റ്സ്മാനാണ് മഹാരാഷ്ട്ര രത്നഗിരി സ്വദേശി ചന്ദ്രശേഖര്‍ മൊഹിതെയും അതേ കമ്പനിയില്‍ എച്ച്ആര്‍ എക്സിക്യൂട്ടീവ് ആണ് ഭാര്യ ഗായത്രിയും. ഇരുവരും പ്രസവം മസ്കറ്റിലായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ എങ്ങനെയും നാട്ടിലെത്തണമെന്നായി ചിന്ത. മുംബൈയിലേക്കു നേരിട്ടു വിമാനം കിട്ടാത്തതുകൊണ്ട് നേരെ കൊച്ചിയിലേക്ക് കയറി.
ജൂണ്‍ 4ന് കോവിഡ്കാല പ്രത്യേക വിമാനത്തിലാണു കൊച്ചിയിലെത്തിയത്. മസ്കറ്റില്‍ നിന്നും കയറുമ്പോള്‍ തന്നെ ഗായത്രി 9 മാസം ഗര്‍ഭിണിയായിരുന്നു.
ആദ്യം നെടുമ്പാശേരി വിമാനത്താവളത്തിന് അടുത്തുള്ള ഹോട്ടലിലാണ് ക്വാറന്റീന് സൗകര്യം ലഭിച്ചത്. അവിടത്തെ ചെലവു താങ്ങാനാകാതെ വന്നപ്പോള്‍ കൊച്ചി നഗരത്തിലെ ഹോട്ടലിലേക്കു മാറി.
ജൂണ്‍ 18ന് ക്വാറന്റീന് കഴിഞ്ഞതോടെ കൊച്ചി സുധീന്ദ്ര ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ് ഡോ. രമണി ഫിലിപ്പിനെ കണ്ടു. ജൂണ്‍ 26ന് ഗായത്രി പെണ്‍കുഞ്ഞിനെ പ്രസവിച്ചു. മകള്‍ക്ക് ആരാധ്യ എന്നു പേരിട്ടിരിക്കുകയാണ് ഇവര്‍. കൊച്ചിയില്‍ നിന്നു ജനന സര്‍ട്ടിഫിക്കറ്റ് വാങ്ങി.
ഇവരുടെ മൂത്ത മകന് ഏഴു വയസ്സുകാരന് സായ്നേഷ് മൊഹിതെ താനെയിലാണ്.
ചന്ദ്രശേഖറിന്റെ സഹോദരന് അമോല്‍ മൊഹിതെയ്ക്കൊപ്പമാണ് സായ്നേഷുള്ളത്.
ഓരോ മണിക്കൂറിലും വീഡിയോ കോളില്‍ എത്തി കുഞ്ഞനുജത്തിയെ കാണണമെന്നു പറയുകയാണ് സായ്നേഷ്. നാളെ രാവിലെ 10.50ന് മംഗള എക്സ്പ്രസില്‍ മൂവരും നാട്ടിലേക്കു മടങ്ങും.
Discussion about this post