വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുടക്കാരന് പ്രണവിന്റേയും തിരുവനന്തപുരം സ്വദേശി ഷാഹാനയുടെയും വിവാഹം 2020മാര്‍ച്ച് നാലിനായിരുന്നു നടന്നത്. കേരളക്കര ഒന്നടങ്കം ഏറ്റെടുത്ത വിവാഹമായിരുന്നു പ്രണവിന്റേയും ഷഹാനയുടേയും.
വിവാഹം കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്പോള്‍ പ്രണവ് ഫേസ്ബുക്കില്‍ പ്രണവ് പങ്കുവെച്ച കുറുപ്പാണ് ഇപ്പോള്‍ ആളുകളുടെ ഹൃദയം കവരുന്നത്. തന്റെ ജീവിതത്തില്‍ സംഭവിച്ച നല്ലതും ചീത്തയുമായ കാര്യങ്ങളാണ് പ്രണവ് ഫേസ്ബുക്കിലൂടെ തുറന്നെഴുതിയത്.
തനിക്ക് സംഭവിച്ച അപകടത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും കല്യാണത്തെക്കുറിച്ചും പ്രണവ് പറയുന്നു. പ്രണവ് ഷഹാന എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ പ്രതികരിച്ചത്.
കുറിപ്പിന്റെ പൂര്‍ണരൂപം
വിധി തന്ന സൗഭാഗ്യങ്ങള്‍ ??
ഇന്ന് ജൂണ്‍ 29. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസം, 6 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ദിവസം ഇതേ സമയത്തായിരുന്നു ( 6 മണി ) അത് സംഭവിച്ചത്. കൂട്ടുകാരനും ഞാനുമൊത്ത് ബൈക്കില്‍ പോകുന്ന സമയത്തു ബൈക്ക് സ്കിഡ് ആയി വണ്ടിയുടെ ബാലന്‍സ് പോവുകയും ഒരു മതിലില്‍ ഇടിക്കുകയും ചെയ്തു. പുറകിലിരുന്ന ഞാന്‍ തെറിച്ചു പോയി അടുത്തുള്ള ഒരു തെങ്ങിലിടിച്ചു നിലത്ത് വീഴുകയും ചെയ്തു. ഓടിയെത്തിയ കൂട്ടുകാര്‍ ഞങ്ങളെ ഹോസ്പിറ്റലില്‍ എത്തിച്ചു. അങ്ങനെ ഞാന്‍ ദിവസങ്ങളോളം വെന്റിലേറ്ററില്‍ കിടന്നു. അതിന് ശേഷം ഓപ്പറേഷനും ചെയ്തു. സ്പൈനല്‍ കോഡ് ഇഞ്ചുറി ആണെന്നും ശരീരം നെഞ്ചിന് താഴോട്ട് തളര്‍ന്നെന്നും Dr വീട്ടുകാരോട് പറഞ്ഞു. എനിക്ക് ബോധം വന്നപ്പോള്‍ അവര്‍ എന്നോട് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി തന്നു. ജീവിതം 4 ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി കൂടേണ്ട ഇനിയുള്ള ദിവസങ്ങള്‍ ആലോചിച്ചപ്പോള്‍ എനിക്ക് ഉണ്ടായ വിഷമം ചെറുതല്ല. പക്ഷേ ആശുപത്രിയില്‍ ആയിരുന്നെങ്കിലും ഒരു ലോഡ് കൂട്ടുകാര്‍ എന്നും ഉണ്ടാവുമായിരുന്നു. അവരെ കാണുമ്പോള്‍ ഒരു സമാധാനം ആണ്. ഇന്ന് ഈ 6 വര്‍ഷങ്ങള്‍ക്കുള്ളില്‍ പലതും കടന്നു പോയി. അതില്‍ വരുന്ന ട്വിസ്റ്റില്‍ ഒന്നാണ് 6 വര്‍ഷത്തോളം ജീവനോളം സ്നേഹിച്ച കാമുകി തേച്ചിട്ടു പോയത്. വിധി എന്നെ ചുറ്റും നിന്ന് ആക്രമിച്ചപ്പോള്‍ എന്റെ മനസിനെ തളര്‍ത്താതിരുന്നത് ചങ്ക് പോലെ സ്നേഹിക്കുന്ന കുറേ കൂട്ടുകാര്‍ ഉള്ളത് കൊണ്ട് മാത്രമായിരുന്നു. അവരാണ് എന്നെ ഇവിടം വരെ എത്തിച്ചത്. ഉത്സവങ്ങള്‍ക്കും, പെരുന്നാളുകള്‍ക്കും, മുതലായ എല്ലാ ആഘോഷങ്ങള്‍ക്കും എന്നെ കൊണ്ട് പോകും. അതുകൊണ്ട് തന്നെ വിഷമിച്ചിരിക്കേണ്ട സാഹചര്യങ്ങള്‍ എനിക്ക് ഉണ്ടായിട്ടില്ല എന്നതാണ് സത്യം. കൂടാതെ ആക്സിഡന്റിന് ശേഷം കുറെ നല്ല സുഹൃത്തുക്കളെ എനിക്ക് കിട്ടി. സോഷ്യല്‍ മീഡിയകള്‍ വഴി എല്ലാവരും എന്നെ അറിയാന്‍ തുടങ്ങി. മരിച്ചു കഴിയുമ്പോള്‍ ഞാന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്നതിനുള്ള അടയാളം ഇന്ന് എനിക്ക് ഈ ഭൂമിയില്‍ ഉണ്ടാക്കാന്‍ സാധിച്ചു എന്നത് വിധി എനിക്ക് സമ്മാനിച്ച സൗഭാഗ്യത്തില്‍ ഒന്നാണ്. ഇത്രയും നാള് കൂടെ ഒരു സുഹൃത്തായിട്ടല്ല, ഒരു ജേഷ്ട്ടനെപോലെ എന്റെ എല്ലാ കാര്യങ്ങളും നോക്കി കൂടെ ഉണ്ടായിരുന്നത് വിനു ചേട്ടന് ആണ്. അതുപോലെ തന്നെ എന്ത് അത്യാവശ്യങ്ങള്‍ക്കും വിളിച്ചാല്‍ ഓടിയെത്തുന്ന ചങ്കുകളും. ഇതുപോലെ എന്നെ സ്നേഹിക്കുന്ന കുറെ സുഹൃത്തുക്കളെ കിട്ടിയത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു…..
നമ്മുക്ക് ഒരു തേപ്പ് കിട്ടിയാല്‍ അവളെക്കാളും നല്ലൊരു മാലാഖകുട്ടി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരും എന്ന് പറയുന്നത് ശരിയാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. അപ്രതീക്ഷിതമായി എന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന ഒരു മാലാഖ കുട്ടിയെ എനിക്കും കിട്ടി. എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്റെ ഷഹാന കുട്ടി. എന്റെ എല്ലാ കാര്യങ്ങളും ഇപ്പോള്‍ അവളാണ് നോക്കുന്നത്. എന്നെ ഒരു കുഞ്ഞാവയെപോലെ കൊണ്ട് നടക്കുന്നു. അത് കൊണ്ട് തന്നെ ഞാന്‍ അവളോട് പറയും ‘എനിക്ക് ആക്സിഡന്റ് പറ്റിയതും, ഓള് എന്നെ തെച്ചിട്ടു പോയതും നന്നായി, കാരണം അതുകൊണ്ടാണല്ലോ എനിക്ക് നിന്നെ കിട്ടിയത് എന്ന് ‘. സത്യം… വിധി എന്നെ ഇങ്ങനെ ആക്കിയില്ലായിരുന്നെങ്കില്‍ എനിക്ക് ഈ സൗഭാഗ്യങ്ങള്‍ ഒന്നും തന്നെ കിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് എന്റെ ജീവിതം ഇങ്ങനെ ആയതില്‍ ഒരു പരിഭവവും ഇല്ല, സന്തോഷം മാത്രം. എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന എന്നെ സ്നേഹിക്കുന്ന ഞാന്‍ അറിയാത്ത എന്നെ അറിയുന്ന എല്ലാവര്ക്കും ഒരുപാട് നന്ദിയോടെ…
?? പ്രണവ് ഷഹാന
Discussion about this post