കൊച്ചി: ക്ഷേത്രത്തിലെ പാചക്കാരനായി ജോലി ചെയ്യുന്നതിന്റെ വരുമാനം കൊണ്ട് മാത്രം ജീവിച്ച ഗോപിനാഥ ഭട്ടിന്റെ കുടുംബത്തിന് സ്വപ്‌ന സാക്ഷാത്കാരം. ഗോപിനാഥ ഭട്ടിനും ഭാര്യ ശോഭയ്ക്കും മാത്രമല്ല കേരളക്കരയ്ക്ക് ഒന്നാകെ ഇവരുടെ മകൾ രശ്മി അഭിമാനമായിരിക്കുകയാണ്.
നിസാര വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കാൻ പോലും പ്രയാസപ്പെട്ട ഉഈ കുടുംബം പക്ഷെ, മകൾ രശ്മിയുടെ വിദ്യാഭ്യാസത്തിനായി ഒരു വിട്ടുവീഴ്ചയും ചെയ്യാൻ തയ്യാറാകാതെ വന്നതോടെയാണ് ഈ സ്വപ്‌ന നേട്ടം കൈമുതലായിരിക്കുന്നത്. സാമ്പത്തിക പ്രയാസംകൊണ്ട് പഠനത്തിൽ മിടുക്കിയായ മകളെ ഒരിക്കലും വിലക്കാതിരുന്ന ഇവർക്ക് അതേമികവ് കൊണ്ടുതന്നെ അഭിമാനിക്കാൻ സാഹചര്യമൊരുക്കിയിരിക്കുരയാണ് രശ്മി. ഇന്ത്യൻ വ്യോമസേനയുടെ ഫ്‌ളൈയിംഗ് ഓഫീസറെന്ന നേട്ടം സ്വന്തമാക്കിയാണ് രശ്മി മാതാപിതാക്കൾക്ക് കടപ്പാട് അറിയിച്ചത്.
കൊച്ചി മട്ടാഞ്ചേരി തിരുമല ക്ഷേത്രത്തിലെ പാചകക്കാരനാണ് രശ്മിയുടെ അച്ഛൻ ഗോപിനാഥ ഭട്ട്. അമ്മ ശോഭ ഭട്ട് വീട്ടമ്മയാണ്. മകൾ ഓരോ ക്ലാസിലും ഉന്നത വിജയം നേടുമ്പോഴും സാമ്പത്തിക പരാധീനത ഇവരെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാൽ, സന്മനസുകളുടെ സഹായത്താൽ രശ്മി ബിടെക്ക് പൂർത്തിയാക്കി.
പത്താം തരത്തിൽ മുഴുവൻ വിഷയത്തിലും എ പ്ലസ്, പ്ലസ്ടു വിന് 94% മാർക്ക്, ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷൻസിൽ ബിടെക്കരസ്ഥമാക്കി. ഒടുവിൽ ക്യാംപസ് സെലക്ഷനിലൂടെ ബാംഗ്ലൂർ ടിസിഎസിൽ ജോലിക്കും കയറി. എങ്കിലും ഇതല്ല തന്റെ വഴിയെന്നും തനിക്കിനിയും ഉയരെ പറക്കാൻ സാധിക്കുമെന്നും ഉറച്ചുവിശ്വസിച്ച രശ്മി നാവിക സേനയിൽ ചേരാനായി തന്നെ ലക്ഷ്യം വെച്ചു. ഒടുവിൽ ധീരമായി തന്നെ ജോലി ഉപേക്ഷിക്കുകയെന്ന തീരുമാനവും എടുത്ത് ഈ പെൺകുട്ടി ഹൈദരാബാദിലെ എയർഫോഴ്‌സ് അക്കാദമിയിൽ ചേർന്നു. പിന്നെ ബാംഗ്ലൂർ എഎഫ്‌സിഎടിയിൽ ഒരു വർഷത്തെ സാങ്കേതിക പഠനവും പൂർത്തിയാക്കി. 18 മാസത്തെ പരിശീലനത്തിനു ശേഷം ഫ്‌ളയിങ് ഓഫീസർ റാങ്കിൽ വഡോദരയിലെ എയർഫോഴ്‌സ് ആസ്ഥാനത്ത് ടെക്‌നിക്കൽ ഓഫീസറായാണ് രശ്മി നിയമനം നേടിയത്.
അതേസമയം, രശ്മിയുടെ ഓരോനേട്ടവും തിരുമല അപ്പന്റെ അനുഗ്രഹമായി കാണാനാണ് ഗോപിനാഥ ഭട്ടിനും ഭാര്യ ശോഭ ഭട്ടിനും ഇഷ്ടം. ‘കഷ്ടപ്പാടും ദുരിതവും മനസിലാക്കി അവൾ പഠിച്ച് നേരായ വഴിയിൽ പോയി. എന്നും ഭഗവാന് നൈവേദ്യം വച്ച് വിളമ്പുന്നതിന് നൽകിയ സമ്മാനമാണിത്’- അച്ഛൻ ഗോപിനാഥ ഭട്ട് ഈ നേട്ടത്തെ ഇങ്ങനെയാണ് കാണുന്നത്.
എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അമ്മയ്ക്കും രണ്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള അച്ഛനും മകളുടെ നേട്ടം വലിയ അഭിമാനമാണ് സമ്മാനിക്കുന്നത്. ഒരായുസ്സു മുഴുവൻ നീണ്ട ദുരിതത്തിനും സഹനത്തിനും ദൈവം നൽകിയ പ്രതിഫലം കൂടിയാണ് മകളുടെ നേട്ടമെന്ന് ഇരുവരും പറയുന്നു.