പെരിയ: ഒമ്പതാംക്ലാസ്സുകാരി അഫ്രീന മുഖ്യമന്ത്രിക്കെഴുതിയ കത്ത് വെളിച്ചം പകര്‍ന്നത് അഞ്ച് കുടുംബങ്ങള്‍ക്ക്. അഫ്രീനയുടെ കത്ത് ലഭിച്ചതിന് പിന്നാലെ പെരിയ ചെര്‍ക്കാപ്പാറയിലെ കുടിലുകളില്‍ താമസിക്കുന്ന 5 കുടുംബങ്ങള്‍ക്കാണ് ദിവസങ്ങള്‍ക്കുള്ളില്‍ വൈദ്യുതി കണക്ഷന് ലഭിച്ചത്.
കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് അഫ്രീന. പെരിയ ചെര്‍ക്കാപ്പാറയിലെ തന്റേതുള്‍പ്പെടെയുള്ള പുറമ്പോക്കു ഭൂമിയിലെ കുടിലുകളില്‍ വൈദ്യുതിയെത്താത്തതിനാല് ഓണ്‍ലൈന്‍ പഠനം അസാധ്യമാകുന്നതു സംബന്ധിച്ചാണു അഫ്രീന മുഖ്യമന്ത്രിക്കു കത്തെഴുതിയത്.
വീട്ടില്‍ വൈദ്യുതിയില്ലാത്ത കാര്യം ക്ലാസ് അധ്യാപിക പ്രിന്സിയാണു അഫ്രീനയെക്കൊണ്ട് മുഖ്യമന്ത്രിക്കെഴുതിച്ചത്. ദിവസങ്ങള്‍ക്കകം വൈദ്യുതി വകുപ്പില്‍ നിന്നു ഉദ്യോഗസ്ഥര്‍ അഫ്രീനയുടെ വീട്ടിലെത്തി. മൂന്നു വൈദ്യുതി തൂണുകള്‍ സ്ഥാപിച്ച് ലൈന്‍ വലിക്കുന്ന പണി ദ്രുതഗതിയില്‍ നടന്നു.
കഴിഞ്ഞദിവസം വൈദ്യതിയും നല്കി. തന്നെ പോലെ ദുരിതമനുഭവിക്കുന്ന 4 അയല്‍വീടുകളിലും വൈദ്യുതി എത്താനും താന്‍ നിമിത്തമായതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ അഫ്രീന. സമീപത്തെ 4 വീടുകളില്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കി രേഖകള്‍ ശരിയാക്കി നല്കിയാല് ഉടന്‍ കണക്ഷന് നല്‍കാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പിതാവ് ഉപേക്ഷിച്ചുപോയതോടെ അഫ്രീനയും ഉമ്മ ഫാസിലയും എട്ടാം ക്ലാസുകാരിയായ സഹോദരി ലാഫിയയും ദുരിതത്തിലായി. കോവിഡ് കാലം കാഞ്ഞങ്ങാട് വസ്ത്രായലയത്തിലുണ്ടായിരുന്ന ഫാസിലയുടെ ജോലിയും നഷ്ടമാക്കി. ഇതോടെ വരുമാനമാര്‍ഗവും നിലച്ചു.
കുടുംബത്തിന് വാടവീട് ഒഴിയേണ്ടി വന്നു. അങ്ങനെ സുഹൃത്തു മുഖേനയാണ് ചെര്‍ക്കാപ്പാറയിലെ പുറമ്പോക്കു ഭൂമിയിലെത്തി കുടില്‍ കെട്ടിയത്. ഓണ്‍ലൈന്‍ പഠനം ആരംഭിച്ചതോടെ വിദ്യാര്‍ത്ഥികളായ അഫ്രീനയും സഹോദരിയും വിഷമത്തിലായിരുന്നു. കാരണം പഠിക്കാന്‍ സ്മാര്‍ട്ട്ഫോണോ ടിവിയോ ഇല്ല.
അഫ്രീനയുടെ വിഷമം മനസ്സിലാക്കിയ അധ്യാപകര്‍ എത്തി ടാബ് നല്‍കിയെങ്കിലും റേഞ്ചില്ലാത്തതിനാല്‍ ഓണ്‍ലൈനിലെ പഠനം സുഗമമല്ലെന്നാണു അഫ്രീനയുടെ പരാതി. ഒരു ടെലിവിഷന്‍ കിട്ടിയാല്‍ ഇതിനു പരിഹാരം കാണാമായിരുന്നു. ദുരിതങ്ങള്‍ മാത്രം കൂട്ടായ ഒറ്റമുറിക്കുടിലിലേക്ക് സഹായവുമായി ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണിവര്‍.
Discussion about this post