തൃശ്ശൂര്‍: കവിതാ മോഷണ വിവാദത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് സമ്മതിച്ചിട്ടും ഓരോ നിമിഷവും ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ദീപാ നിശാന്തിനെ പിന്തുണച്ച് മാധ്യമ പ്രവര്‍ത്തകനായ രാജേഷ് കൃഷ്ണ.
തെറ്റ് പറ്റിയതാണെന്ന് ദീപാ നിശാന്ത് സമ്മതിച്ചിട്ടും ഓരോ നിമിഷവും അവര്‍ ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കയാണ്. ദീപയെ കല്ലെറിയുന്ന നിങ്ങള്‍ക്ക് അറിയില്ല ദീപ എന്താണെന്ന്. കേരളവര്‍മ്മ കോളേജില്‍ ഹോസ്റ്റലില്‍ നിന്ന് വീണ് പരിക്കേറ്റ കുട്ടിയുടെ ബില്ലടയ്ക്കാന്‍ പാഞ്ഞു നടക്കുന്ന ദീപയെ, കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഓട്ടിസ്റ്റിക് ആയ ആളുകളുടെ സംരക്ഷണ കേന്ദ്രത്തിന് തന്റെ പുസ്തകത്തിന്റെ മുഴുവന്‍ റോയല്‍റ്റിയും നല്കിയ ദീപയെ അങ്ങനെ പലതും ചെയ്യുന്ന ദീപയെ നിങ്ങള്‍ക്ക് അറിയില്ല.
അവരുടെ ആയുസിന്റെ പുസ്തകത്തിലെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇത്. അത് കീറി കളഞ്ഞാല്‍ സ്പടികത്തെളിച്ചമുള്ള സുവ്യക്തമായ പുസ്തകമായിരിക്കും അതെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം ഫേയ്സ് ബുക്കില്‍ കുറിച്ചു.
ഫേയ്സ് ബുക്ക് പോസ്റ്റ്
ഞാന്‍ കള്ളനാണ്…
കള്ളം പറഞ്ഞിട്ടുണ്ട്,
മോഷ്ടിച്ചിട്ടുണ്ട്,
കൊലപാതമോ ബലാല്കാരമോ ഒഴികെ ഒരു മനുഷ്യന് ചെയ്തിരിക്കാവുന്ന എല്ലാ തെറ്റുകളും ഈ ചെറിയ ജീവിതത്തില്‍ ചെയ്തു കൂട്ടിയിട്ടുണ്ട്. പലവട്ടം ആവര്‍ത്തിച്ചിട്ടുണ്ട്. നിലപാടുകളില്‍ തരാതരം വെള്ളം ചേര്‍ക്കുന്നവനാണ് ഞാന്‍ എന്നും മറ്റുള്ളവര്‍ക്ക് തോന്നാം, കഴിഞ്ഞ ദിവസം എന്റെ പ്രൊഫൈല്‍ പിക്ചര്‍ കണ്ടിട്ട് ഒരാള്‍ പറഞ്ഞ പോലെയും മറ്റു ചിലര്‍ രഹസ്യമായി ആഘോഷിച്ചപോലെയും കമ്മ്യൂണിസം ചേര്‍ത്തു പിടിക്കുകയും നവരത്ന മോതിരം ധരിക്കുകയും ചെയ്യുന്ന കാപട്യക്കാരനാണ് ഞാന്‍.
ഒരാളെ വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ സ്വജീവിതത്തിലേക്കൊന്ന് തിരിഞ്ഞു നോക്കണം.
സത്യമെന്ന് ഉറപ്പിച്ചു പറഞ്ഞ പെരുംനുണകള്‍…
അഹന്ത പെരുത്തനേരങ്ങളില് ചെയ്തു കൂട്ടിയ വിനകള്‍…
കുസൃതിയെന്ന് പേരിട്ടു ചെയ്ത കൊടും ക്രൂരതകള്‍…
കൂര്‍ത്ത വാക്ശരങ്ങള്‍ കൊണ്ട് ആക്രമിച്ച് ആത്മരതിയടഞ്ഞ നിമിഷങ്ങള്‍…
സമര്‍ത്ഥമായി മറ്റുള്ളവരില്‍ നിന്നും സ്വയം മറച്ചു പിടിച്ച മിടുക്കുകള്‍…
തെറ്റുകള്‍ അതിന്റെ വലിപ്പച്ചെറുപ്പങ്ങള്‍ ആപേക്ഷികമാണ്…
എനിക്ക് പറയാനുള്ളത് എനിക്കറിയാവുന്ന എന്റെ സുഹൃത്ത് ദീപയെക്കുറിച്ചാണ്.
ഇന്ന് ആള്‍ക്കൂട്ട വിചാരണയ്ക്കും കല്ലേറിലും പാത്രമായ നില്ക്കുന്ന മോഷ്ടാവായ ദീപയെ മാത്രമേ പലര്‍ക്കും അറിയൂ.
കേരളവര്‍മ്മ കോളേജില്‍ ഹോസ്റ്റലില്‍ നിന്ന് വീണ് പരിക്കേറ്റ കുട്ടിയുടെ ബില്ലടയ്ക്കാന്‍ പാഞ്ഞു നടക്കുന്ന ദീപയെയാണ് ഞാനാദ്യം കണ്ടത്…
അംഗപരിമിത ആയ ഷബാന എന്ന പെണ്‍കുട്ടിയെയും അനന്തു എന്ന കുട്ടിയെയും ശലഭങ്ങളെപ്പോലെ ക്യാമ്പസില്‍ ചലിക്കാന്‍ ഇലക്ട്രിക് വീല്‍ചെയര്‍ വാങ്ങാന്‍ അഭിമാനം വിട്ടും ഇരന്ന് കൈനീട്ടി ദീപയെ എത്രപേര്‍ക്കറിയാം…
അംഗപരിമിതനായ സ്വന്തം വിദ്യാര്‍ത്ഥി ബിജുവിനെ നമുക്കു ചെറുതെന്നു തോന്നുന്ന എന്നാല്‍ അയാള്‍ക്ക് അമൂല്യമായ കുഞ്ഞു സ്വപ്നങ്ങള്‍ പോലും നടത്തിക്കൊടുക്കാന്‍ നിരന്തരം ആളുകളെ സമീപിക്കുന്ന ദീപയെ എത്രപേര്‍ക്കറിയാം.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഭാനുമതി ടീച്ചര്‍ നടത്തുന്ന ഓട്ടിസ്റ്റിക് ആയ ആളുകളുടെ സംരക്ഷണ കേന്ദ്രമായ AMHA എന്ന കേന്ദ്രത്തിന് തന്റെ ഏറ്റവും വില്പനയുള്ള ബുക്കായ ‘കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്’ എന്ന പുസ്തകത്തിന്റെ ഏകദേശം മുഴുവന്‍ റോയല്‍റ്റിയും രണ്ടാമതൊന്ന് ചിന്തിക്കാതെ കൊടുത്തിട്ടുള്ള ദീപയെ എത്രപേര്‍ക്കറിയാം.
കേരളവര്‍മ്മ കോളേജിലെ അന്ധ വിദ്യാര്‍ത്ഥികള്‍ക്കായി വോയിസ് റെക്കോര്‍ഡര്‍ വാങ്ങാന്‍ സുഹൃത്തുക്കളുടെ മുന്നില്‍ നിര്‍ലജ്ജം കൈനീട്ടിയ ദീപ എത്രപേര്‍ക്കറിയാം.
സ്വന്തവും സുഹൃത്തുക്കളുടെയും സ്പോണ്സര്ഷിപ്പില് കുട്ടികളെ പഠിപ്പിക്കുന്ന ദീപയെ എത്ര പേര്‍ക്കറിയാം.
ഇവിടെ വെളിപ്പെടുത്താനാകാത്ത എത്രയോ സഹായങ്ങള്‍. തന്റെ ഫേയ്സ്ബുക്ക് റീച്ചിന്റെ എല്ലാ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പല പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും മറ്റുള്ളവര്‍ക്കുമായി സഹായമഭ്യര്‍ത്ഥിക്കുന്ന ദീപയെ ചിലരെങ്കിലും കണ്ടിട്ടുണ്ടാകും.
ഇതൊക്കെ എന്തിനറിയണം അല്ലേ വിചാരണകള്‍ക്കും ചാപ്പ കുത്തകകള്‍ക്കും അല്ലെ നമുക്ക് താല്പര്യം
അവരുടെ ആയുസ്സിന്റെ പുസ്തകത്തിലെ ഈ ഒരു പേജ് മാത്രം ചിന്തിയെറിഞ്ഞാല് ബാക്കി മുഴുവനും സ്പടികത്തെളിച്ചമുള്ള സുവ്യക്തമായ പുസ്തകമായിരിക്കും അതെന്ന് എനിക്കുറപ്പുണ്ട്.
സൗഹൃദങ്ങളാണ് എന്നുമെന്റെ സമ്പാദ്യം, അതിന്റെ തീവ്രതയ്ക്ക് ഒരു അളവുകോലേയുള്ളൂ. പരിചയം അല്ലെങ്കില്‍ കലര്‍പ്പില്ലാത്ത ഹൃദയബന്ധം. അത് സൂക്ഷിക്കാന്‍ സംരക്ഷിക്കാന്‍ ഞാന്‍ ഏതറ്റം വരെയും പോകാറുണ്ട്. അതിലെ ലാഭനഷ്ടങ്ങള്‍ നോക്കാറുമില്ല.
ജീവിതത്തില്‍ നിന്നും മായിക്കാന്‍ നമ്മളാഗ്രഹിക്കുന്ന ഒരു നിമിഷമുണ്ടാകും നമ്മുടെ എല്ലാം മനസ്സില്‍.
അവരുടെ വാക്കുകളുടെ ചുടേറ്റ് പൊള്ളിയവര്‍ ഒട്ടനവധിയുണ്ടെന്ന് കഴിഞ്ഞ ഒറ്റ ദിവസത്തെ ചിലരുടെ ആഘോഷങ്ങള്‍ കണ്ടാല്‍ മനസ്സിലാകും. കരൂര്‍ സോമനെയും ദീപയെയും താരതമ്യം ചെയ്യുന്ന നിരവധി പുലയാട്ടുകള്‍ കണ്ടു. ചെളിക്കുഴിയി കിടക്കുന്ന ആളിനെയും ഒരു തുള്ളി ചെളി തെറിച്ചുവീണവരെയും ഒരേ അളവുകോല്‍ കൊണ്ട് അളക്കരുതെന്നാണ് എന്റെ പക്ഷം.
ക്ഷമിക്കണം ദീപ, അനുവാദമില്ലാതെയുള്ള ഈ വിളിച്ചു പറയലിന്.
ദീപ,
നിങ്ങള്‍ ഇത് ചെയ്യാന്‍ പാടില്ലായിരുന്നു. നിങ്ങള്‍ ചെയ്തത് തെറ്റാണ്. വിഭ്രമത്തില്‍ നിന്നും വൈകി പുറത്തു വന്ന നിങ്ങള്‍ പറഞ്ഞ ക്ഷമയെ ഞാന്‍ മുഖവിലയ്ക്കെടുക്കുന്നു… ഈ വിഷയത്തില്‍ കലേഷിനോട് എത്ര താഴ്ന്നും ക്ഷമയാചിക്കണമെന്ന് ഞാന്‍ നമ്മുടെ സൗഹൃദത്തിന്റെ അമിതാധികാരത്തില്‍ ആവശ്യപ്പെടട്ടെ…
തെറ്റുകള്‍ തിരുത്താനുള്ളതാണ്, അത് നിങ്ങളുടെ ഉള്ളില്‍ നീറി നീറിത്തന്നെ കനല് തെളിയണം. സുഹൃത്തേ, നിങ്ങളിതിനെ അതിജീവിച്ചേ മതിയാവൂ. ഏതു സദാചാര കണ്ണുകള്ക്കപ്പുറവും ഞാനുറക്കെത്തന്നെ പറയും നിങ്ങള്‍ എന്റെ സുഹൃത്താണെന്ന്. എനിക്കറിയാവുന്ന നിങ്ങളെ ഇനിയും ചേര്‍ത്തു തന്നെ നിര്‍ത്തും…
Discussion about this post