ആന്‍ജിയോഗ്രാം നടത്തുന്നതിനിടെ യന്ത്രത്തിന്റെ ഭാഗം ഹൃദയവാല്‍വില്‍ തറഞ്ഞുകയറി വീട്ടമ്മ മരിച്ച സംഭവം; തട്ടാരത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ രംഗത്ത്

ചിങ്ങോലി: ആന്‍ജിയോഗ്രാം നടത്തുന്നതിനിടെ യന്ത്ര ഭാഗം ഹൃദയ വാല്‍വില്‍ ഒടിഞ്ഞ് കയറി വീട്ടമ്മ മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ രംഗത്ത്. ആശുപത്രി അധികൃതരുടെ ചികിത്സാപിഴവ് മൂലമാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.

ആലപ്പുഴ ചിങ്ങോലി സ്വദേശി ബിന്ദു ആണ് ആന്‍ജിയോഗ്രാം നടത്തുന്നതിനിടെ യന്ത്ര ഭാഗം ഹൃദയ വാല്‍വില്‍ ഒടിഞ്ഞ് കയറി മരിച്ചത്. തട്ടാരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അപടമുണ്ടായത്. സംഭവത്തില്‍ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ ആലപ്പുഴ എസ് പിക്ക് പരാതി നല്‍കി.

തലകറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതോടെ കഴിഞ്ഞമാസം 4 നാണ് ബിന്ദുവിനെ മാവേലിക്കര തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടോ എന്ന് പരിശോധിക്കാന്‍ ആന്‍ജിയോഗ്രാം നിര്‍ദേശിക്കുകയായിരുന്നു ഡോക്ടര്‍മാര്‍.

ആന്‍ജിയോഗ്രാം നടത്തുന്നതിനിടെ യന്ത്ര ഭാഗം ഒടിഞ്ഞു കയറിയെന്നാണ് ബന്ധുക്കളുടെ ആരോപണം. തുടര്‍ന്ന് ബിന്ദുവിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റുകയായിരുന്നുവെന്നും അവിടെവച്ച് ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ നടത്തി ഹൃദയത്തില്‍ ഉണ്ടായിരുന്ന ട്യൂബ് മാതൃകയിലുള്ള യന്ത്രത്തിന്റെ ഭാഗം നീക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

തുടര്‍ന്ന് ചികിത്സയിലായിരുന്ന ബിന്ദു ചൊവ്വാഴ്ചയാണ് മരിച്ചത്. യന്ത്ര ഭാഗം ഒടിയുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായി സംഭവിക്കാമെന്നും പിഴവ് ഉണ്ടായിട്ടില്ലെന്നുമാണ് തട്ടാരമ്പലം വി എസ് എം ആശുപത്രി വ്യക്തമാക്കിയത്. സംഭവത്തില്‍ ബിന്ദുവിന്റെ ബന്ധുക്കള്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

Exit mobile version