കൊച്ചി: സംവിധായകൻ ആഷിക്ക് അബുവിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റും വിവാദമാക്കി സോഷ്യൽമീഡിയ. എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ രണ്ടാം ചരമ വാർഷികത്തിൽ അനുസ്മരിച്ച് ആഷിക്ക് പോസ്റ്റിട്ടതാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. വാരിയംകുന്നൻ സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിന്റെ ചുവടുപിടിച്ചാണ് പുതിയ വിമർശനം.
”സ്വന്തംകാര്യം നോക്കാനാണെങ്കിൽ എനിക്ക് വേറെ പ്രസ്ഥാനത്തിൽ വിശ്വസിച്ചാൽ പോരെ’-സ അഭിമന്യു.’- എന്ന കുറിപ്പും അഭിമന്യുവിന്റെ ഫോട്ടോയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് ആഷിക്ക് അബു അഭിമന്യുവിനെ അനുസ്മരിച്ചത്.
അതേസമയം, പോപ്പുലർ ഫ്രണ്ടുകാരനായ റമീസിനെ സുഹൃത്താക്കി തോളിൽ കൈയ്യിട്ടുകൊണ്ട്, വർഗ്ഗീയത തുലയട്ടെ എന്നെഴുതി വെച്ചതിന് ക്യാംപസ് ഫ്രണ്ടുകാർ കുത്തിക്കൊലപ്പെടുത്തിയ അഭിമന്യുവിന് അനുശോചനം രേഖപ്പെടുത്തുന്നത് വെറും പ്രഹസനം മാത്രമാണെന്നാണ് സോഷ്യൽ ലോകത്തെ വിമർശനം.
“തന്റെ കൂടെയുള്ളവരുടെ സംഘമാണ്, അവരുടെ ആശയമാണ് അഭിമന്യുവിനെ കൊന്നത്, അതു മറക്കണ്ട”- ആഷിക്ക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന ഒരു കമന്റിങ്ങനെ. “രണ്ടും കൂടി വേണ്ട. നാളെ ഫ്രണ്ട്ഷിപ്പിന്റെ പേരിൽ അഭിമന്യുവിനെ കുത്തിയ വർഗ്ഗീയവാദികളെ സ്വന്തം ഫ്രണ്ട് ന്യായികരിച്ചാൽ ഫ്രണ്ട്ഷിപ്പിന്റെ പേരിൽ പിന്തുണ കൊടുക്കേണ്ടി വരും. രണ്ടു തോണിയിൽ കാലിട്ട് നിന്ന് ലാഭം കൊയ്യാൻ വേറെ ആളെ പിടിക്ക്. അത്കൊണ്ട് രണ്ടും കൂടി ഒരുമിച്ച് വേണ്ട”. ആർഎസ്എസുകാർ ഗാന്ധി അനുസ്മരണം നടത്തുന്നത് പോലെയാണ് സംവിധായകന്റെ പോസ്‌റ്റെന്നും ചിലർ അഭിപ്രായപ്പെടുന്നു.
”അവന്റെ നെഞ്ചിൽ കത്തിയിറക്കിയ ഇസ്ലാമിസ്റ്റുകളുടെ തോളിൽ കയ്യിട്ട് നിന്ന് ഇങ്ങനെ ഒരു പോസ്റ്റ് ഇടാൻ എങ്ങനെ പറ്റുന്നു. നിങ്ങളുടെ പുതിയ കൂട്ടുകാരടക്കം കൊണ്ട് നടക്കുന്ന വർഗീയ നിലപാടുകൾക്കെതിരെ നിന്നതിന്റെ പേരിൽ മരിച്ചു വീണവനാണ്. ഞങ്ങളുടെ കൂടെ പിറപ്പാണ്, രക്തസാക്ഷിയാണ്. Friendship of disagreement എന്ന പേരിട്ട് തീവ്ര ഇസ്ലാമിസ്റ്റ് കൂട്ടങ്ങളെ വെളുപ്പിക്കാൻ നടക്കുന്ന നിങ്ങൾ അവന്റെ പേര് പോലും പറയരുത്”- മറ്റൊരു വിമർശനം ഇങ്ങനെ.