ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് ബാധിച്ച് ഡല്‍ഹിയില്‍ കന്യാസ്ത്രീ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ കൂടി മരിച്ചു. സിസ്റ്റര്‍ അജയമേരി, തങ്കച്ചന്‍ മത്തായി എന്നിവരാണ് മരിച്ചത്. എഫ്‌ഐഎച്ച് ഡല്‍ഹി പ്രൊവിന്‍സിലെ പ്രൊവിന്‍ഷ്യാള്‍ ആയിരുന്നു സിസ്റ്റര്‍ അജയമേരി.
പത്തനംതിട്ട പന്തളം സ്വദേശിയാണ് കോവിഡ് ബാധിച്ച് മരിച്ച തങ്കച്ചന്‍ മത്തായി. 65 വയസായിരുന്നു. വൈറസ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞദിവസമാണ് രോഗം മൂര്‍ച്ഛിച്ചത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. രോഗബാധിതരുടെ എണ്ണം 89000 കവിഞ്ഞു. മരണം 2800ഉം കടന്നു. അതേസമയം ഡല്‍ഹിയില്‍ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുന്നിലെത്തി. 66.08 ശതമാനം പേര്‍ക്കാണ് രോഗം മാറിയത്.
എന്നാല്‍ ഡല്‍ഹിയില്‍ കോവിഡ് സാഹചര്യങ്ങള്‍ മാറുന്നുവെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറയുന്നത്. ജൂണ്‍ 30 കഴിയുമ്പോള്‍ 60000 കോവിഡ് ആക്ടീവ് കേസുകള്‍ പ്രതീക്ഷിച്ചെങ്കില്‍ അത് 26,000 ആക്കി കുറയ്ക്കാന്‍ സാധിച്ചുവെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി.