തിരുവനന്തപുരം: കൊവിഡ് രോഗത്തിന്റെ നിരീക്ഷണ വാർഡിൽ കൂട്ടിരിപ്പുകാരെ അനുവദിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൻവീഴ്ച. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കൊവിഡ് നിരീക്ഷണ വാർഡിൽ പ്രവേശിപ്പിക്കുന്നവർക്ക് കൂട്ടിരിപ്പുകാരായി ബന്ധുക്കളെ പ്രവേശിപ്പിച്ചിരുന്നതായും ഇത്തരത്തിൽ പ്രവേശിപ്പിച്ച യുവാവിന് രോഗം സ്ഥിരീകരിച്ചതായുമാണ് റിപ്പോർട്ട്.
അതേസമയം ആശുപത്രി രേഖകളിൽ യുവാവിന് കൊവിഡ് ഉണ്ടെന്നാണ് റിപ്പോർട്ടെങ്കിലും ഔദ്യോഗിക കണക്കുകളിൽ യുവാവ് ഇല്ലെന്നും റിപ്പോർട്ട് ചെയ്യുന്നു. തനിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതായി അശുപത്രി അധികൃതർ അറിയിച്ചതായി യുവാവ് തന്നെ വെളിപ്പെടുത്തി. അതേസമയം മറ്റ് ഏഴ് കൂട്ടിരിപ്പുകാരെയും ഇതേമാതൃകയിൽ അഡ്മിറ്റ് ചെയ്തതായും രേഖകളുണ്ട്.
പിപിഇ കിറ്റ് പോലുമില്ലാതെയാണ് കൂട്ടിരിപ്പുകാർ ആശുപത്രിയിൽ നിന്നിരുന്നതെന്നുമാണ് റിപ്പോർട്ട്. നിലവിൽ രോഗം ബാധിച്ച യുവാവിന് ആശുപത്രിയിൽ എത്തിയ ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ പിതാവിനെ 18ാം തിയ്യതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളെ 20ാം തിയ്യതി പരിശോധന നടത്തിയതിനെ തുടർന്നാണ് പോസിറ്റീവ് ആയി കണ്ടെത്തിയതെന്നും ആശുപത്രി രേഖകൾ ഉണ്ട്.
അതേസമയം രോഗം സ്ഥിരീകരിച്ച യുവാവിന്റെ പിതാവിന് മുമ്പ് രോഗം വന്ന് നെഗറ്റീവ് ആയതാണെന്നും ഇതിനെ തുടർന്നാണ് കൂട്ടിരിപ്പുകാരനായി മകനെ അനുവദിച്ചതെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.
Discussion about this post