എരുമപ്പെട്ടി: പതിനെട്ടുവര്‍ഷമായി എരുമപ്പെട്ടി പോലീസ് സ്റ്റേഷനുമുന്നില്‍ ഉന്തുവണ്ടിയില്‍ ചായക്കട നടത്തുന്ന ഉണ്ണിക്ക ഇപ്പോള്‍ ഭയങ്കര സന്തോഷത്തിലാണ്. സ്റ്റേഷനില്‍ നല്കുന്ന ചായ ഗ്ലാസ്സുകളിലൊന്നില്‍ അടുത്തിടെ സിവില്‍ പോലീസ് ഓഫീസറായി എത്തിയ സ്വന്തം മകനു നല്കുന്നതിനാലാണ് ഉണ്ണിക്കയ്ക്ക് ഇത്രയേറെ സന്തോഷം.
മകന് ഷാഹിദിനൊരു സര്‍ക്കാര്‍ ജോലി എന്നത് എരുമപ്പെട്ടി കറപ്പംവീട്ടില്‍ മുഹമ്മദ് എന്ന ഉണ്ണിക്കയുടെ വലിയ ആഗ്രഹമായിരുന്നു. മൂന്നുമക്കളാണ് മുഹമ്മദിനും ഭാര്യ ഐഷയ്ക്കുമുള്ളത്. സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും മക്കളുടെ പഠനത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു.
മൂത്തമകന് കെ.എം. ഷാഹിദ് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. പെണ്മക്കള് ഷാബിതയും ഷാജിതയും ബിരുദധാരികളാണ്. വിവാഹവും കഴിഞ്ഞു. ഉണ്ണിക്കയുടെ ആഗ്രഹമെന്ന പോലെ മകനെ സര്‍ക്കാര്‍ ജോലി തേടിയെത്തി. ഒരു നിയോഗമെന്നപോലെ ആദ്യമെത്തിയത് പോലീസ് സേനയിലേക്കുള്ള വിളിയാണ്.
മകന് അപേക്ഷ നല്‍കിയതുമുതല്‍ ഓരോ ചുവടിലും പോലീസ് സുഹൃത്തുക്കളുടെ ഉപദേശം കൂട്ടായുണ്ടായിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍ പരിശീലനം കഴിഞ്ഞ് നവംബര്‍ ഒന്നിനാണ് പാസിങ് ഔട്ട് പരേഡ് നടക്കേണ്ടിയിരുന്നത്. ഇതിനിടെ തീര്‍ത്തും അപ്രതീക്ഷിതമായി ഷാഹിദിനെ എരുമപ്പെട്ടി സ്റ്റേഷനിലേക്കു നിയോഗിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് സഹായമേകാന്‍ ട്രെയിനികളെ വീടിനടുത്തുള്ള സ്റ്റേഷനുകളിലേക്കയക്കുകയായിരുന്നു. പോലീസായി മകന് എത്തിയതിന് പിന്നാലെ പോലീസ് സുഹൃത്തുക്കള്‍ ഉണ്ണിക്കയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി. ഇപ്പോള്‍ പോലീസ് സ്റ്റേഷനിലേക്ക് ഉണ്ണിക്ക നല്കുന്ന ചായ ഗ്ലാസുകളൊന്നില് മകനുളളതാണ്. അതുകൊണ്ടുതന്നെ ഉണ്ണിക്കയുടെ ചായയ്ക്ക് ഈയിടെയായി നല്ല മധുരമാണ്. സന്തോഷത്തിന്റെ മധുരം.
Discussion about this post