കൊച്ചി: എറണാകുളം മാര്‍ക്കറ്റിലെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ എറണാകുളം മാര്‍ക്കറ്റില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം ആറായി. കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് കൊച്ചി നഗരത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തുന്നു.
ജൂണ്‍ 27ന് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കല്‍ സ്ഥാപനത്തിലെ ജീവനക്കാരന്റെ സഹപ്രവര്‍ത്തകനും തൊട്ടടുത്ത സ്ഥാപനത്തിലെ തോപ്പുംപടി സ്വദേശിയായ മറ്റൊരു വ്യാപാരിക്കും ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വ്യാപാരിയുടെ ഭാര്യക്കും മകനും മരുമകള്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തോപ്പുംപടിയും കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കത്തിലുള്ള ആളുകളെ ആരോഗ്യ വകുപ്പ് നേരത്തെ തന്നെ നിരീക്ഷണത്തില്‍ ആക്കിയിരുന്നു.
കൊവിഡ് ലക്ഷണങ്ങള്‍ ഉള്ള എല്ലാവരുടെയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ സ്രവപരിശോധന പുരോഗമിക്കുകയാണെന്ന്് അധികൃതര്‍ വ്യക്തമാക്കി. മാര്‍ക്കറ്റ് റോഡ് അടച്ചെങ്കിലും പരിസരത്തെ കടകള്‍ തുറന്നിട്ടുണ്ട്. എന്നാല്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കടകള്‍ അടപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Discussion about this post