കാസര്‍കോട്: കൊവിഡ് നിര്‍ദേശങ്ങള്‍ക്കെല്ലാം പുല്ലുവില പോലും നല്‍കാതെ യാത്രക്കാരെ കുത്തിനിറച്ച് സര്‍വ്വീസ് നടത്തി സ്വകാര്യബസ്സുകള്‍. കാസര്‍കോട് ജില്ലയിലാണ് സംഭവം. സൂചികുത്താന്‍ പോലും ഇടമില്ലാത്ത രീതിയില്‍ യാത്രക്കാരെ കുത്തിനിറച്ച് സര്‍വ്വീസ് നടത്തുന്ന ബസ്സിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
കാസര്‍കോട് പൈക്ക മുള്ളേരിയ റൂട്ടിലോടുന്ന സ്വകാര്യ ബസാണ് ഇത്തരത്തില്‍ സര്‍വ്വീസ് നടത്തിയത്. ബസിന്റെ വാതില്‍പ്പടിയിലും യാത്രക്കാര്‍ തിക്കിത്തിരക്കി നില്ക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ചെര്‍ക്കള ബസ് സ്റ്റാന്റ് പരിസരമാണ് ദൃശ്യങ്ങളിലുള്ളത്.
ബസ് സ്റ്റോപ്പിലുണ്ടായിരുന്ന ഒരാളാണ് ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുക്കുമെന്ന് വിദ്യാനഗര്‍ പോലീസ് അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും കര്‍ശന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പൊതുഗതാഗതം അനുവദിച്ചത്. എന്നാല്‍ പലയിടങ്ങളും നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെടുന്നതായാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
Discussion about this post